ലക്കിടി : ശക്തമായ മഴയിൽ സംസ്ഥാനപാതയിൽ വെള്ളക്കെട്ട്. പാതയോരത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി.ലക്കിടി കൂട്ടുപാതയ്ക്കുസമീപം കീർത്തന കെട്ടിടത്തിന് മുന്നിലൂടെയാണ് മഴയിൽ വെള്ളം പാത നിറഞ്ഞൊഴുകുന്നത്. 10 വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ ഭാഗത്ത് മഴയുള്ളസമയത്ത് കടയ്ക്കകത്തും പുറത്തും നിൽക്കാൻ കഴിയുന്നില്ല. രണ്ട് എ.ടി.എമ്മുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അഴുക്കുചാലിലെ തടസ്സമാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്.
പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. സ്ഥലം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് റോഡുവിഭാഗം അസി. എൻജിനിയർ കെ. രാജേഷ് പറഞ്ഞു.