കൊട്ടാരക്കര: ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ 10 മുതൽ 19 വരെ വാർഡുകളിലും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 7,8,9,11 വാർഡുകളിലും പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിലെ 1,3 വാർഡുകളിലും ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തിലെ 10, 13 വാർഡുകളിലും കോവിഡ് 19 കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ രോഗ വ്യാപനം തടയുന്നതിനായി കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി കൊല്ലം റൂറൽ പോലീസ്.
കണ്ടയിൻമെൻ്റ് സോണിലെ താമസക്കാർക്ക് അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും ആശുപത്രിയിലും മെഡിക്കൽ സ്റ്റോറുകളിലും പോകുന്നതിനും തടസ്സമുണ്ടാകില്ല.
- കണ്ടയ്ന്മെന്റ് സോണുകളിലേക്ക് പുറത്തുനിന്നും ആളുകൾ പ്രവേശിക്കുവാനോ അവിടെ താമസിക്കുന്ന ആളുകൾ പുറത്തേക്ക് പോകുവാനോ അനുവദിക്കുകയില്ല.
- വഴിയോര കച്ചവടം, ചായക്കടകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവ ഒരു കാരണവശാലും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയില്ല.
- അവശ്യ ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, റേഷൻ കടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു.
- ദീർഘദൂര യാത്രക്കാർക്ക് കണ്ടയ്മെന്റ് സോണിലൂടെ തടസ്സം കൂടാതെ യാത്ര ചെയ്യാൻ കഴിയും. ഇത്തരം യാത്രക്കാർ യാതൊരു കാരണവശാലും കണ്ടയ്മെന്റ് സോണിൽ ഇറങ്ങുവാനോ വാഹനങ്ങൾ നിർത്തിയിടുവാനോ പാടുള്ളതല്ല.
- അവശ്യ സർവീസുകളിൽ പെട്ട റവന്യു, പഞ്ചായത്ത്, പോലീസ്, ആരോഗ്യം, ഫയർ ഫോഴ്സ്, പവർ സപ്ലൈ തുടങ്ങിയ സേവനങ്ങളിൽ ഉൾപ്പെട്ടവർക്ക് യാത്രാനുമതി ഉണ്ടാകും.
- അവശ്യ സേവനങ്ങളിൽപ്പെട്ട എടിഎം, പത്ര-ദൃശ്യ മാധ്യമങ്ങൾ, ഹോസ്പിറ്റലുകൾ, ആംബുലൻസ് എന്നിവയ്ക്ക് പ്രവർത്തിക്കാം.
- കണ്ടയ്മെന്റ് സോണുകളിൽ യാതൊരു കാരണവശാലും പൊതു പരിപാടികളോ, ആഘോഷങ്ങളോ നടത്തുവാൻ പാടുള്ളതല്ല. പൊതുസ്ഥലങ്ങളിൽ മൂന്നുപേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടുള്ളതല്ല. പൊതു സ്ഥലങ്ങളിൽ ആളുകൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.
- അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിലും മെഡിക്കൽ സ്റ്റോറുകളിലും ഒരേ സമയം രണ്ടിൽ കൂടുതൽ ആളുകൾ ഉണ്ടാകാൻ പാടില്ല.
- ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. ആഹാര സാധനങ്ങൾ പാർസലായി നല്കാൻ മാത്രമേ അനുവദിക്കുകയുള്ളു.
ശാസ്താംകോട്ട, ശൂരനാട് പോലീസ് ഇൻസ്പെക്ടർ മാരെ കൂടാതെ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി സുരക്ഷാ ജോലി കൾക്കായി നിയോഗിച്ചിട്ടുള്ളതും 24 മണിക്കൂറും ഈ പ്രദേശങ്ങിൽ കൊട്ടാരക്കര ഡി.വൈ.എസ്. പി യുടെ നേതൃത്വത്തിൽ പോലീസ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുള്ളതായും, എല്ലാ വ്യാപാര സ്ഥാപങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നതിനേക്കുറിച്ചും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനെ സംബന്ധിച്ചും നോട്ടീസ് പതിപ്പിക്കുമെന്നും, രോഗ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക.െതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കർ IPS അറിയിച്ചു.