പട്ടാമ്പി : പെൻസിൽമുനയിൽ ശരീരത്തിലെ 59 അസ്ഥികളുടെ പേരുകളെഴുതി ശ്രദ്ധനേടുകയാണ് ഈ യുവ ഡോക്ടർ.
സൂക്ഷ്മചിത്രകലാരംഗമായ ‘പെൻസിൽ കാർവിങ്’ മേഖലയിലാണ് അർഷിയ ഷെരീഫ് തുമ്പിൽ എന്ന ആയുർവേദ ഡോക്ടർ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. 2021-ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് പുറത്തിറങ്ങുമ്പോൾ ഡോ. അർഷിയയുടെ പേരും നേട്ടങ്ങളുടെ പട്ടികയിൽ ഇടംനേടും. 13 മണിക്കൂറിലാണ് പെൻസിൽമുനയിൽ വിസ്മയക്കാഴ്ച തീർത്തത്.

ഇൻസ്റ്റാഗ്രാമിൽക്കണ്ട ഒരു പെൻസിൽ കാർവിങ് ചിത്രമാണ് സൂക്ഷ്മ ചിത്രകലാലോകത്തേക്ക് ഡോ. അർഷിയയെ ആകർഷിച്ചത്. 2019 മുതൽ ഇതിനായി സ്വയംപരിശീലനം തുടങ്ങി. ഷൊർണൂർ ആയുർവേദ സമാജത്തിലെ ഡോക്ടർ ജോലിയിലെ ഇടവേളകളിലാണ് പെൻസിൽ ആർട്ടിനായി മാറ്റിവെച്ചത്. അടച്ചിടൽവന്നതോടെ പരിശീലനത്തിന് കൂടുതൽസമയം ലഭിച്ചു. ഏറെനാളത്തെ പരിശീലനത്തിനുശേഷമാണ് പെൻസിൽമുനയിൽ അക്ഷരങ്ങൾ രേഖപ്പെടുത്തിയെടുക്കാൻ പഠിച്ചതെന്ന് അർഷിയ പറയുന്നു. കൂട്ടുകാർക്കും മറ്റും അവരുടെ പേരുകൾ പെൻസിൽമുനയിൽ കൊത്തി സമ്മാനിക്കാറുണ്ടായിരുന്നു. ഇതിൽനിന്ന് വ്യത്യസ്ഥമായ ആശയം എന്ന ചിന്തയിലാണ് സ്വന്തം മേഖലയായ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് മനുഷ്യശരീരത്തിലെ അസ്ഥികളുടെ പേരുകൾ പെൻസിൽമുനയിൽ രചിക്കാൻ തീരുമാനിച്ചതെന്ന് ഡോക്ടർ അർഷിയ പറയുന്നു. തുടർന്ന്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് വെബ്സൈറ്റിലേക്ക് ഇതിന്റെ വിശദാംശങ്ങൾ ഇ-മെയിലിൽ അയച്ചു കൊടുക്കുകയും അവരുടെ അംഗീകാരത്തോടുകൂടി പണിയാരംഭിക്കയും ചെയ്തു.
ഇതിന്റെ വീഡിയോ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്തു. തുടർന്ന്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന്റെ അംഗീകാരം നേടിയെന്ന മറുപടി അധികൃതരിൽനിന്ന് ലഭിക്കയും ചെയ്തു. സ്റ്റെൻസിൽ ഡ്രോയിങ്, ഡൂഡിലിങ്, കാലിഗ്രാഫി എന്നിവയും ഈ യുവഡോക്ടറുടെ മറ്റ് മേഖലകളാണ്. മേലേപട്ടാമ്പി മഞ്ഞളുങ്ങൽ ഷെരീഫ് തുമ്പിൽ-റുഖിയ ദമ്പതിമാരുടെ മകളാണ് ഡോ. അർഷിയ.