വാഷിങ്ടണ്‍ : ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് സ്ഥാപനങ്ങളുമായി ബന്ധമുള്ള 59 ആപ്ലിക്കേഷനുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ നടപടിയ്ക്ക് പ്രശംസയുമായി അമേരിക്ക.
‘ഇന്ത്യയെ ഏറ്റവും വലിയ വിപണികളിലൊന്നായി കണക്കാക്കുന്ന ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള 59 ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിക്കുന്നതില്‍ സന്തോഷമുണ്ട്. ചൈനയുടെ ആക്രമണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ തുടര്‍ന്നും കാണിക്കുന്നു’-യു.എന്നിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു.
ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കുള്ള ഇന്ത്യയുടെ വിലക്കിനെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സ്വാഗതം ചെയ്തതിനു പിന്നാലെയാണ് ഹാലെയുടെ പ്രതികരണം.
വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്, യു.സി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചത്. ഇന്ത്യയുടെ സുരക്ഷ,പ്രതിരോധം, പരമാധികാരം, സമഗ്രത എന്നിവയ്ക്ക് ഭീഷണിയുള്ള ആപ്ലിക്കേഷനുകളാണ് സര്‍ക്കാര്‍ നിരോധിച്ചതെന്ന് വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.