പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ അറബിക് പഠന വകുപ്പിൽ ഫൈനൽ സെമസ്റ്റർ പരീക്ഷ എഴുതിയ മുഴുവൻ പേരും വിജയിച്ചു. ഇരുപത്തി എട്ട് പേരാണ് ഇത്തവണ കോഴിക്കോട് സർവ്വകലാശാലയുടെ അറബിക് ബിരുദ പരീക്ഷ എഴുതിയത്. ഇതിൽ രണ്ട് പേർക്ക് മുഴവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടാനായി.
2012 ലാണ് ഇവിടെ അറബിക് ബിരുദ കോഴ്സ് തുടങ്ങുന്നത്. ആറാം ബാച്ചാണ് കഴിഞ്ഞ അധ്യായന വർഷം പുറത്തിറങ്ങിയത്. കോളേജിൽ അറബിക് ബിരുദാനന്തര ബിരുദ കോഴ്സ് തുടങ്ങുന്നതിന്നായുള്ള ആവശ്യം ശക്തമാണ്. യൂനിവേഴ്സിറ്റി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സർക്കാരിന്റെ അംഗീകാരം ഇതുവരേയും ലഭിച്ചിട്ടില്ല. ജില്ലയിലെവിടേയും അറബിക് പി.ജി.പഠന സൗകര്യം നിലവിലില്ല. ഒട്ടേറെ പരിമിതികൾക്കിടയിലും തിളക്കമാർന്ന വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളേയും പ്രിൻസിപ്പൽ ഡോ.എം.ജോതിരാജ്, വകുപ്പ് മേധാവി ഡോ.പി.അബ്ദു, അധ്യാപകരായ ഡോ.എം.കെ.അബ്ദുറഹീം, ഡോ.വി.എം.ഉമ്മർ, എ.മുഹമ്മദ് ഷാ എന്നിവർ അനുമോദിച്ചു.