വയനാട് : മഴക്കാലം തുടങ്ങിയതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് ഡെങ്കിപ്പനി പ്രതിരോധം ഊര്‍ജിതമാക്കി. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്നും കോതുകുകളുടെ ഉറവിട നശീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര് രേണുക അഭ്യര്‍ഥിച്ചു. പൊതുജന പങ്കാളിത്തത്തോടെ പകര്‍ച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വീട്ടിലും പരിസരങ്ങളിലുമാണ് കൂടുതലായും മുട്ടയിട്ട് പെരുകുന്നത്. ചുറ്റുമുളള പാഴ് വസ്തുക്കളില്‍ കെട്ടികിടക്കുന്ന വെളളത്തില്‍ മാത്രമല്ല, എ.സി, കൂളര്‍ എന്നിവയുടെയും ഫ്രിഡ്ജിന്റെയും ട്രേ, വെളളം ശേഖരിച്ചിരിക്കുന്ന പാത്രങ്ങള്‍, സണ്‍ഷെയ്ഡ്, ടാര്‍പോളിന്‍, അലങ്കാര ചെടികള്‍ വെയ്ക്കുന്ന ചെടി ചട്ടികള്‍, ചിരട്ട, വെളളം നിറച്ചു വെയ്ക്കുന്ന വീപ്പകള്‍, പാത്രങ്ങള്‍, ക്ലോസറ്റുകള്‍ എന്നിവയാണ് പ്രധാന ഉറവിടങ്ങള്‍. റബര്‍, പൈനാപ്പിള്‍, കമുക്, കൊക്കോ തോട്ടങ്ങളിലും കൊതുകു വളരാനുളള സാഹചര്യങ്ങള്‍ ഏറെയാണ്. പൈനാപ്പിളിന്റെ കൂമ്പ്, റബര്‍ തോട്ടങ്ങളില്‍ വീണു കിടക്കുന്നതും ടാപ്പിങിന് ശേഷം കമിഴ്ത്തി വെയ്ക്കാത്തതുമായ ചിരട്ടകള്‍, റബര്‍ തോട്ടങ്ങളില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുളള മാലിന്യങ്ങള്‍ എന്നിവയിലും വെളളം കെട്ടിക്കിടന്ന് കൊതുകു പെരുകുന്നതിനുളള സാധ്യത കൂടുതലാണ്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ പൂട്ടി കിടക്കുന്ന സ്ഥാപനങ്ങളുടെ പരിസരത്തും, സാധന സാമഗ്രികളിലും മറ്റും കെട്ടിക്കിടക്കുന്ന വെളളത്തില്‍ കൊതുകുകള്‍ വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആയതിനാല്‍ സ്ഥാപനങ്ങളിലും വീടുകളിലും ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം നടത്തണം. ഉപയോഗിക്കാത്ത ക്ലോസറ്റും ആഴ്ചയിലൊരിക്കല്‍ ഫ്ളഷ് ചെയ്യേണ്ടതാണ്.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍:
- റബര്‍ തോട്ടങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം
- വീണു കിടക്കുന്ന ചിരട്ടകള്‍ നീക്കം ചെയ്യണം.
- ടാപ്പിങ്ങിനു ശേഷം ചിരട്ടകള്‍ കമിഴ്ത്തി വെക്കണം.
- കമുകിന് പാളകള്‍ യഥാസമയം നീക്കം ചെയ്യണം
- ഉണങ്ങി നില്ക്കുന്ന കൊക്കോ കായകള്‍ പറിച്ചു കളയണം.
- വെട്ടി നിറുത്തിയ മുളങ്കുറ്റികള്‍, മരപ്പൊത്തുകള്‍ എന്നിവ മണ്ണിട്ട് മൂടണം.
ആഴ്ച തോറുമുളള ഉറവിട നശീകരണം നടത്തിയാലെ ഡെങ്കിപ്പനി തടയാന്‍ സാധിക്കുകയുളളു. സമൂഹമാകെ ഈ ദൗത്യം സ്വമേധയാ ഏറ്റെടുത്താല്‍ മാത്രമേ ഡെങ്കിപ്പനിയെ ഫലപ്രദമായി തടയുവാന്‍ കഴിയുകയുളളു. വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് പെരുകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് പൊതുജനാരോഗ്യ നിയമ പ്രകാരം പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.