കണ്ടാൽ അസ്സലൊരു പാണ്ടി ലോറി പാർക്ക് ചെയ്തു നിൽക്കുന്നു,
അതിലെന്താണ് ഇത്ര കൗതുകം എന്നല്ലേ.
പരുതൂർ പടിഞ്ഞാറേ കൊടുമുണ്ട മാടത്തിനകത്ത് അബ്ദുറഹ്മാന്റെ വീട്ടിൽ നിന്നാണ് ഈ കാഴ്ച. അബ്ദുറഹ്മാന്റെ മൂത്തമകൻ മുഹമ്മദ് ജസീൽ എന്ന 16 വയസ്സുകാരൻ സ്വന്തം കരവിരുതിൽ പണിതതാണ് ഈ തമിഴ് ലോറി.
കാഴ്ചയിൽ ഒറിജിനലിനെ വെല്ലുന്ന രൂപഭാവം, മെറ്റീരിയലുകളും നിറവും മറ്റു സംവിധാനങ്ങളും എല്ലാം ശരിക്കും ഒരു യഥാർത്ഥ ലോറിയുടെ ഫീലിംഗ്..
തെർമോകോൾ, കാർബോർഡ്, ഫോം ഷീറ്റ് തുടങ്ങിയവകൊണ്ട് അതിവിദഗ്ധമായി പണികഴിപ്പിച്ച ജസീലിന്റെ ലോറി നാട്ടിൽ ഇപ്പോൾ ഹിറ്റാണ്, പട്ടാമ്പി പള്ളിപ്പുറം തീരദേശ പാതയിലൂടെയോടുന്ന ഒരു ബസ്സും ജസീൽ സ്വന്തമായി നിർമ്മിച്ചിട്ടുണ്ട്.

ചക്രങ്ങൾ, ലൈറ്റ് സംവിധാനങ്ങൾ, ഡ്രൈവേഴ്സ് ക്യാബിൻ, മെഷീൻ വർക്കുകൾ തുടങ്ങി ഒരു വാഹനത്തിന്റെ എല്ലാം ഒത്തുചേരുന്നതാണ് ജലീലിന്റെ കരവിരുതിൽ വിരിഞ്ഞ വാഹനങ്ങൾ.
പരുതൂർ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജസീൽ വിവിധ കരകൗശലവസ്തുക്കളും ജെസിബി, ബോട്ട് തുടങ്ങി വാഹനങ്ങളും ഇതിനകം സ്വന്തമായി നിർമ്മിച്ചിട്ടുണ്ട്,
ചിത്രംവര, ഗ്ലാസ് പെയിന്റിങ്, വാൾ പെയിന്റിംഗ്, സ്റ്റിൽ മോഡലിംഗ് തുടങ്ങി കലാ രൂപങ്ങളിലും മിടുക്കനാണ് ഈ കൊച്ചു പ്രതിഭ. സ്റ്റിൽ മോഡലിംഗിൽ ജില്ലാതല മത്സരങ്ങളിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. മീൻ വളർത്തൽ, ചെടികളുടെ പരിപാലനം തുടങ്ങി വീട്ടിലെ കാര്യങ്ങൾക്ക് അനിയൻ നജീബും ജസീലിന് സഹായിയായി കൂടെയുണ്ട്.
അടുത്തതായി ഒരു താർ നിർമ്മിക്കുക എന്നതാണ് ജസീലിന്റെ ലക്ഷ്യം. തന്റെ വീട്ടുകാരും അധ്യാപകരും കൂട്ടുകാരും തനിക്ക് വലിയ പിന്തുണയാണ് നൽകുന്നതെന്നും ജസീലും,
തന്റെ മകന്റെ വളർച്ചയിൽ അതിയായ സന്തോഷമുണ്ടെന്ന് പിതാവ് അബ്ദുറഹ്മാനും പറഞ്ഞു.