ഗായിക എസ് ജാനകി മരണപ്പെട്ടിട്ടില്ലെന്ന് കുടുംബം. ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും മരണപ്പെട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും കുടുംബം അറിയിച്ചു. ജാനകിയുടെ കുടുംബത്തെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
സമൂഹമാധ്യമങ്ങളിൽ ജാനകി മരണപ്പെട്ടു എന്ന് വാർത്ത പ്രചരിച്ചതിനു പിന്നാലെ ഗായകരടക്കമുള്ളവർ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഗായകൻ മനോ മരണവാർത്ത തെറ്റാണെന്ന് അറിയിക്കുകയും ചെയ്തു. “ജാനകിയമ്മയോട് സംസാരിച്ചു. അവർ ഇപ്പോൾ മൈസൂരിലാണ്. പൂർണ ആരോഗ്യവതിയാണ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക”.- മനോ ട്വീറ്റ് ചെയ്തു. നടൻ മനോബാലയും വിഷയ സംബന്ധിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗായകൻ എസ്പി ബാലസുബ്രഹ്മണ്യവും വാർത്ത വ്യാജമാണെന്ന് അറിയിച്ചു.
1957ൽ 19ാം വയസ്സിൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെയാണ് എസ് ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളം, കന്നട, തമിഴ് ഉൾപ്പെടെപത്തിലധികം ഭാഷകളിൽ 20,000ത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നാലു തവണ ഏറ്റവും നല്ല പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.