പാലക്കാട് : മഹാമാരി പടർന്നുപിടിക്കുന്നതുവഴി തൊഴിലില്ലാതായ പട്ടിണിക്കാരായ കോടിക്കണക്കിന് പാവങ്ങളെ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എറിയുകയാണ് ഇന്ധന കൊള്ളയിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ എം പി.
പെട്രോൾ – ഡീസൽ വില വർധനവിനെതിരായി രാജ്യവ്യാപകമായി എ.ഐ. സി.സി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനു മുൻപിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എണ്ണവിലയുടെ ക്രമാതീതമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ക്രൂഡ് ഓയിലിന്റെ വിലയെക്കാൾ കൂടുതൽ നികുതി പിരിക്കുന്ന രാജ്യമാണിതെന്നു ശ്രീകണ്ഠൻ കുറ്റപ്പെടുത്തി.
പാലക്കാട് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് അനിൽ ബാലൻ അധ്യക്ഷത വഹിച്ചു, ഡി.സി.സി ജനറൽ സെക്രട്ടറി എ.ബാലൻ ബ്ലോക്ക് പ്രസിഡണ്ട് പുത്തൂർ രാമകൃഷ്ണൻ, സുധാകരൻ പ്ലാക്കാട്ട്, വിനോദ് പട്ടിക്കര, വി. ആർ. കുട്ടൻ എന്നിവർ പ്രസംഗിച്ചു. വല്ലപ്പുഴയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് സി. പി.മുഹമ്മദ്, കണ്ണാടിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എ. തങ്കപ്പൻ, പിരായിരിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, പരുതൂരിൽ വി. ടി. ബൽറാം എം.എൽ.എ, കുഴൽമന്ദത്ത് രമ്യ ഹരിദാസ് എം. പി എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 95 കേന്ദ്രങ്ങളിൽ ആയിട്ടാണ് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തിയത്.