ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗം യുവ കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി കടമ്പഴിപ്പുറം ശിവാനന്ദ വാദ്യ കലാ സമിതിയിലെ പത്ത് കലാകാരൻമാർക്ക് പത്ത് ചെണ്ടകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി കഴിഞ്ഞ ദിവസം വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗം കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ നൽകുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അതിൽ നിന്നാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള വാദ്യകലാ സംഘങ്ങൾക്ക് ആവശ്യമായ വാദ്യോപകരണങ്ങൾ വിതരണം ചെയ്യുന്നത്.

വാദ്യോപകരണങ്ങൾ വാങ്ങാൻ സാമ്പത്തികശേഷിയില്ലാതെ വാടകക്കെടുത്ത് ജോലി ചെയ്യേണ്ടിവരുന്ന കലാകാരൻമാർക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.