ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ശക്തമായ ഭീകരവേട്ടയുമായി സൈന്യം. രണ്ടു ദിവസമായി ഭീകരര്‍ക്കായി തുടരുന്ന തിരച്ചിലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
സോപോറിലെ ഹര്‍ദ്ഷിവ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് ഏറ്റമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്. പോലീസ്, 22 ആര്‍ആര്‍, സിആര്‍പിഎഫ് എന്നിവ സംയുക്തമായാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.
തിരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. ജമ്മു കശ്മീരില്‍ കഴിഞ്ഞ ഏതാനും നാളുകളായി ഭീകരരുടെ സാന്നിധ്യം വന്‍ തോതില്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സേനയും പട്രോളിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
2020 ആരംഭിച്ചതു മുതല്‍ ഇതുവരെ 108 ഭീകരരെയാണ് ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമേ നിരവധി ഭീകരരെ അറസ്റ്റും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 23-ാം തീയതി രണ്ടു ഭീകരന്മാരെ വധിച്ച അതേ മേഖലയിലാണ് വീണ്ടും ഏറ്റുമുട്ടല്‍ നടന്നത്.
കഴിഞ്ഞ ഒരു മാസമായി പുല്‍വാമ കേന്ദ്രീകരിച്ച് ഭീകരര്‍ രഹസ്യമായി താമസിക്കുകയാണെന്ന് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. മാത്രമല്ല പലയിടങ്ങളില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടതും സൈന്യം തകര്‍ത്തു.