കോഴിക്കോട് : വിദേശത്ത് നിന്നും എത്തിയ പ്രവാസികള്‍ക്ക് ക്വാറന്റൈന് സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രവാസികള്‍ വഴിയില്‍ കുടുങ്ങി. നാല് മണിക്കൂറായി വിദേശത്ത് നിന്നെത്തിയവര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണ്.രണ്ട് ബസുകളിലായി നാല്പതിലധികം ആളുകളുണ്ട്. ഇവരില്‍ പലര്‍ക്കും സര്‍ക്കാര്‍ ക്വാറന്റൈന് സൗകര്യം ലഭിച്ചിട്ടില്ല. ബസുകളില്‍ ഉള്ളവര്‍ക്ക് ഇതുവരെ ഭക്ഷണമോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനോ സാധിച്ചിട്ടില്ല.
സംസ്ഥാനത്ത് പ്രവാസികള്‍ക്കായി ഒരുക്കിയിരുന്ന ക്വാറന്റൈന് കേന്ദ്രങ്ങള്‍ അടച്ച് പൂട്ടി തുടങ്ങി. കോഴിക്കോട് ജില്ലയിലെ 42 കേന്ദ്രങ്ങള്‍ അടച്ച്പൂട്ടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കലക്ടറുടെ ഉത്തരവ് ഉണ്ട്. ഹോട്ടലുകള്‍,ലോഡ്ജുകള്‍,റെസിഡന്‍സികള്‍ എന്നിവടങ്ങളില്‍ ഒരുക്കിയ ക്വാറന്റൈന് കേന്ദ്രങ്ങളാണ് പൂട്ടുക. സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞുവെന്നാണ് ഔദ്യോഗിക വിശദീകരണം.