പാലക്കാട് : ചരിത്രങ്ങൾ രേഖപ്പെടുത്താനും സംരക്ഷിക്കാനുമുള്ളതാണെന്ന തിരിച്ചറിവൊന്നും പൊതുമരാമത്ത് വകുപ്പിനില്ലെന്നതാണ് പാലക്കാട്ടെ തുടർച്ചയായുള്ള സംഭവങ്ങൾ തെളിയിക്കുന്നത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ സ്ഥാപിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ദിശാ സൂചിയും പാലക്കാട് എസ്ബിഐ ജംഗ്ഷനിലെ ഇരുമ്പ് പാലത്തിനടുത്തുള്ള അത്താണിയും ഉൾപ്പടെ പല ചരിത്ര സൂചികകളും ഇതിനകം നശിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് അത് തെളിയിക്കുകയും ചെയ്തതാണ്. ഇപ്പോഴിതാ ഒലവക്കോടിനടുത്ത് പുതിയ പാലത്തിലെ നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ടും ഒരു ചരിത്ര ശിലാഫലകം തകർക്കപ്പെട്ടിരിക്കുന്നു.
കൽപ്പാത്തി പുഴയ്ക്ക് കുറുകെയുള്ള കൽപ്പാത്തി പാലത്തിലെ കൈവരി നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ചരിത്ര ഫലകത്തെ പൊതുമരാമത്ത് വകുപ്പ് പൊട്ടിച്ചെറിഞ്ഞത്. 1974 ലാണ് പാലം പണികഴിപ്പിച്ചത്. മന്ത്രി വെള്ളച്ചരനാണ് പാലം ഉദ്ഘാടനം ചെയ്തതെന്ന് സമീപവാസിയായ 90 വയസുള്ള വിശ്വനാഥൻ നായർ പറഞ്ഞു. അതിന്റെ കാലപ്പഴക്കമോ മൂല്യമോ ഒന്നും നോക്കാതെ അടിച്ചു തകർത്തുകളയുന്ന പൊതുമരാമത്ത് വകുപ്പിന്റെ നടപടിയിൽ പ്രതിഷേധവുമായി ഇത്തവണ പാലക്കാട് ഹിസ്റ്ററി ക്ലബ് രംഗത്തെത്തി. ചരിത്രത്തെ ഉന്മൂലനം ചെയ്യുന്ന പൊതുമരാമത്ത് നടപടി പ്രതിഷേധാർഹമാണെന്ന് ക്ലബ് അംഗങ്ങൾ പറഞ്ഞു.
ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊതുമുതൽ നശീകരണത്തിന് കേസെടുക്കമെന്ന് പാലക്കാട് ഹിസ്റ്ററി ക്ലബ് ആവശ്യപ്പെട്ടു. പണി സ്ഥലത്ത് ഉദ്യോഗസ്ഥരുണ്ടാവണമെന്നാണ് നിയമമെങ്കിലും അത് പാലിക്കപ്പെടാത്തതിനാലാണ് ചരിത്ര ഫലകം നഷ്ടമായത്. ഫലകം നഷ്ടമായതിലൂടെ പാലത്തിനു മുൻപുള്ള ചരിത്രവും പാലത്തിന് പിൻപുള്ള ചരിത്രവും തമസ്കരിക്കപ്പെടുകയാണെന്ന് പാലത്തിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് വിക്ടോറിയ കോളേജിലെ ചരിത്രാധ്യാപകൻ കെ രാജൻ പറഞ്ഞു. ഹിസ്റ്ററി ക്ലബ് പ്രസിഡന്റ് ബോബൻ മാട്ടുമന്ത അധ്യക്ഷനായി. അഡ്വ ലിജോ പനങ്ങാടൻ, ഉമ്മർ ഫാറൂഖ്, ഹരിദാസ് മച്ചിങ്ങൽ, ജിനു വി എന്നിവർ സംസാരിച്ചു
