പാലക്കാട് : വരള്‍ച്ചാ ബാധിത മേഖലയായ പാലക്കാട് ജില്ലയിലെ നാലായിരത്തിലധികം വരുന്ന വലിയ കുളങ്ങളില്‍ വെള്ളത്തിന്റെ കണക്കെടുപ്പ് നടത്താന്‍ നീക്കം. ഇതിന്റെ ഭാഗമായി പ്രധാന കുളങ്ങളില്‍ ജലലഭ്യത നിര്‍ണയ സ്കെയിലുകള്‍ സ്ഥാപിക്കാന്‍ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഹരിതകേരളം മിഷന് നിര്‍ദേശം നല്കി. സ്കെയില്‍ സ്ഥാപിക്കുന്നതിന് മുമ്പ് കുളം ശുചിയാക്കി അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് പരമാവധി സംഭരണശേഷി ഉറപ്പാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
കഴിഞ്ഞ വേനലിലെ ജലനിരപ്പ് കൂടി കണക്കിലെടുത്ത് ആ നിരപ്പില്‍ നിന്ന് 50 സെന്റിമീറ്റര്‍ താഴ്ത്തി വേണം സ്കെയില്‍ സ്ഥാപിക്കാന്‍. ജലം കുളത്തില്‍ പരമാവധി നിറഞ്ഞാലുള്ള ജലനിരപ്പിനേക്കാള്‍ 50 സെന്റിമീറ്ററെങ്കിലും സ്കെയില്‍ ഉയര്‍ന്നുനില്‍ക്കണം. ഓരോ പത്ത് സെന്റിമീറ്റര്‍ ഇടവിട്ട് കറുപ്പും മഞ്ഞയും നിറം ഉപയോഗിച്ച് സ്കെയിലില്‍ അളവുകള്‍ രേഖപ്പെടുത്തണം. ഓരോ കുളങ്ങള്‍ക്ക് സമീപവും വെള്ളത്തിന്റെ കണക്ക് രേഖപ്പെടുത്താവുന്ന ബോര്‍ഡുകളും സ്ഥാപിക്കും.
കുളം വറ്റുന്ന സാഹചര്യത്തില്‍ ജലസേചന വകുപ്പ്, റവന്യു വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കര്‍ഷക സമിതികള്‍ എന്നിവയുമായി കൂടിയാലോചിച്ച് കനാലുകളില്‍ നിന്നോ ജലം നിറഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ പാറമടകളില്‍ നിന്നോ റീച്ചാര്‍ജിങ് സാധ്യതകളും പരിഗണിക്കും. ഇതുവഴി വരള്‍ച്ചാ സാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം. ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ സംസ്ഥാനത്തുതന്നെ വന്‍തോതില്‍ കുറവ് വരുന്ന മേഖലകള്‍ പാലക്കാട് ജില്ലയിലാണ്. കുളങ്ങളില്‍ വെള്ളം നിലനിര്‍ത്താനായാല്‍ ഭൂഗര്‍ഭജലത്തിന്റെ റീച്ചാര്‍ജിങ് കൂടി നടക്കുമെന്നാണ് കരുതുന്നത്.
