തിരുവനന്തപുരം : അതിഥി തൊഴിലാളികള്‍ക്ക് നല്കുന്ന കോവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്ന് വ്യക്തമാക്കി പിണറായി സര്‍ക്കാര്‍. പ്രവാസികള്‍ ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ല. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്റീനും നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം.
ഹൈക്കോടതി സര്‍ക്കാരിനോട് ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവാസികളെ അതിഥിത്തൊഴിലാളികളായി കണക്കാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിലാണ് പ്രവാസികളെ അതിഥിത്തൊഴിലാളികളായി കാണാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി നോര്‍ക്ക് സര്‍ക്കാരിന് വേണ്ടി ഉത്തരവ് പുറത്തിറക്കിയത് .
എന്നാല്‍, സൗദി അറേബ്യ അടക്കം നാല് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ മടക്കം പ്രതിസന്ധിയില്‍ ആണ്. കേരള സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ടെസ്റ്റുകള്‍ക്ക് സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ ഇതുവരെ അനുമതി ലഭിക്കാത്തതാണ് കാരണം. നാളെ മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ വന്ദേഭാരത്, ചാര്‍ട്ടേഡ് വിമാനസര്‍വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.ടിക്കറ്റെടുത്ത ഗര്‍ഭിണികളടക്കമുള്ളവരുടെ യാത്രയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് കാരണം മുടങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ എംബസികള്‍ വഴി ഈ രാജ്യങ്ങളുടെ അനുമതി എത്രയും വേഗം നേടുകയോ അല്ലെങ്കില്‍ കേരളം ഉത്തരവ് നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുകയോ ചെയ്യണമെന്നാണ് പ്രവാസികളുടെ ആവശ്യം.