ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ ഇരുപത്തിനാല് മണിക്കൂറുനിടെയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന എട്ട് ഭീകരരെ വധിച്ചു. ഷോപ്പിയാന്‍ സെക്ടറില്‍ അഞ്ച് ഭീകരരേയും അവന്തിപ്പൊരയില്‍ മൂന്ന് ഭീകരരേയുമാണ് മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനിലൂടെ സൈന്യം വധിച്ചത്. അനന്ദ്നാഗ് ജില്ലയില്‍ സുരക്ഷ സേന ഒരു ഭീകരനെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് ഷോപ്പിയാനിലെ മുനന്ദ് മേഖലയില്‍ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസും കരസേനയും തെരച്ചില്‍ ആരംഭിച്ചത്. സുരക്ഷ സേനയ്ക്കെതിരെ ഭീകരര്‍ വെടിവച്ചതോടെ ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി അവന്തിപുരയിലെ മീജ് പാന്പോറില് ഉണ്ടായ ഏറ്റുമുട്ടലിലും സേന ഒരു ഭീകരനെ വധിച്ചിരുന്നു. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.