ചെര്‍പ്പുളശ്ശേരി ടൗണിലെ ഒമ്പത് കടകളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ബസ്റ്റാന്റിനടുത്തുള്ള അല്‍ ഐന്‍ കെട്ടിടത്തിലെ ആറ് കടകളിലും കെ.ടി.എന്‍ മെഡിക്കല്‍സിനു പിന്നിലെ മൂന്നു കടകളിലുമാണ് മോഷണം. എല്ലാ കടകളുടേയും പൂട്ടു തകര്‍ത്ത നിലയിലാണ് കാണപ്പെട്ടത്.
ഒരു കടയില്‍നിന്ന് 8000 രൂപയും മറ്റൊരു കടയില്‍നിന്ന് 750 രൂപയും നഷ്ടപ്പെട്ടു. മറ്റെന്തെങ്കിലും പോയിട്ടുണ്ടോ എന്നു പരിശോധിച്ചു വരികയാണ്. പലചരക്ക്, ബാറ്ററി, സോപ്പ്, പൂജാസാധനങ്ങള്‍, തുണി എന്നിവ വില്പന നടത്തുന്ന കടകളിലാണ് ഒരേ സമയം മോഷണം നടന്നത്. ഒന്നിലധികം ആളുകളാണ് കവർച്ചാ സംഘത്തിലുള്ളതെന്ന് കരുതുന്നു.
തൊട്ടടുത്ത മൊബൈല്‍ കടയിലെ സി.സി.ടി.വി ക്യാമറയില്‍ ഒരാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. മാസ്കും ടവ്വലും ധരിച്ച ആളാണ് ക്യാമറയില്‍ പതിഞ്ഞത്. ചെര്‍പ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിശദ പരിശോധനക്കായി പാലക്കാട്ടുനിന്നു വിരലടയാള വിദഗ്ധരെത്തും.