പാലക്കാട്: നഗരത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തി താലൂക്ക് അധികൃതരുടെ മോക്ക് ഡ്രിൽ. നഗരത്തിനടുത്ത് പ്രധാന പുഴയായ കൽപ്പാത്തി പുഴയിൽ കുളിക്കാൻ ഇറങ്ങി മുങ്ങിയ രണ്ടുപേരെ രക്ഷിക്കുവാൻ എന്ന രീതിയിൽ ആംബുലൻസും ഫയർ ആൻഡ് റെസ്ക്യൂ വാഹനങ്ങളും കൽപ്പാത്തി യിലേക്ക് പാഞ്ഞപ്പോൾ ജനം അക്ഷരാർത്ഥത്തിൽ ആശങ്കാകുലരായി. വെള്ളത്തിൽ മുങ്ങിയ രണ്ടുപേരെ മോക്ക് ഡ്രിൽ ഭാഗമായി പുറത്തെടുത്ത് കൃത്യനിർവഹണം നടത്തിയ ഉദ്യോഗസ്ഥരുടെ നീക്കുപോക്കുകൾ യാതൊരു സംശയവും ജനിപ്പിച്ചിരുന്നില്ല. മോക്ക് ഡ്രിൽ ആണെന്ന് തിരിച്ചറിഞ്ഞതോടെ ആണ് പലരുടെയും വിശ്വാസം വീണത്. ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, താലൂക്ക് റവന്യൂ ഉദ്യോഗസ്ഥർ മോക്ക് ഡ്രിൽ ഉദ്യമത്തിൽ പങ്കാളികളായി. കഴിഞ്ഞ പ്രളയ സമയങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായ ഭാഗങ്ങളാണ് കൽപ്പാത്തി പുഴയുടെ തീര പ്രദേശങ്ങൾ.
