ന്യൂഡൽഹി ∙ അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർക്കു വീരമൃത്യു. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നു സേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ മൂന്ന് ഇന്ത്യൻ സൈനികർ സംഘർഷത്തിൽ മരിച്ചിരുന്നു. രാത്രിയോടെയാണു 17 പേർ കൂടി മരിച്ചതായി സേന അറിയിച്ചത്. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുണ്ട്. ചൈനീസ് ഭാഗത്ത് 43 സൈനികർ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ റിപ്പോർട്ടുണ്ട്.
ഈ റിപ്പോർട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണു സൂചന. ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാനേതൃത്വം നിർദേശം നൽകി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാമേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവർ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി. ചൈനയുടെ ഏത് പ്രകോപനവും നേരിടാൻ സജ്ജമാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, സംഘർഷം നടന്ന ഗൽവാൻ താഴ്വര പൂർണമായി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈനീസ് സേന രംഗത്തുവന്നു.