കല്‍പ്പറ്റ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജോലിയും കൂലിയുമില്ലാതെ ദുരിതത്തിലായവര്‍ക്ക് ഇരുട്ടടിയായി വന്ന അമിത വൈദ്യുതി ബില്ല് സര്‍ക്കാര്‍ ഇടപെട്ട് കുറച്ച് നല്‍കണമെന്ന് യു.ഡി.എഫ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. വൈദ്യുതിബില്ല് കുറച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് നാളെ രാത്രി ഒന്‍പത് മുതല്‍ മൂന്ന് മിനിറ്റ് വൈദ്യുതി ഉപകരണങ്ങള്‍ ഓഫ് ചെയ്ത് പ്രതിഷേധിക്കുമെന്നും ജില്ലാ ചെയര്മാന് പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരാതിപ്പെടുന്നവര്‍ക്ക് മാത്രം ബില്‍ തുക കുറച്ച് നല്‍കാതെ എല്ലാവരുടെയും ബില്ലുകളില്‍ കുറവ് വരുത്തി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മീറ്റര്‍ റീഡിംഗ് എടുക്കാതെ നാല് മാസത്തെ ഒരുമിച്ചെടുത്തത് മൂലം രണ്ട് ബില്ലിലെയും സബ്സിഡി നഷ്ടപ്പെട്ടതിനാലാണ് അധികബില്ല് വന്നിരിക്കുന്നത്. സോഫ്റ്റ്വെയറില് മാറ്റം വരുത്താതെ ബില്‍ ചെയ്തത് കാരണം 10 ദിവസത്തോളം ബില്ല് വൈകിയത് മൂലമുണ്ടായ പ്രശ്നങ്ങളും പരിഹരിക്കണം. ബി.പി.എല്‍ ഉപഭോക്താക്കളുടെ സബ്സിഡി നഷ്ടപ്പെട്ടത് സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി പരിഹരിക്കണം. 240 യൂണിറ്റിന് മുകളില്‍ ഉപഭോഗം വരുമ്പോള്‍ സബ്സിഡി ഇല്ലാതാവുന്നതിനാല്‍ കൊവിഡ് കാലത്ത് യൂണിറ്റ് പരിധി ഉയര്‍ത്തി സബ്സിഡി നല്‍കണം. കൊവിഡ് കാലത്ത് ഗാര്‍ഹിക ഉപഭോഗം കൂടിയതിനാല്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ ലാഭം ജനങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജ്ജായി ഇളവ് നല്കാന് തയ്യാറാകണം. സാധാരണ ദിവസങ്ങളിലെ ഉപഭോഗം തന്നെ ലോക്ക്ഡൗണ്‍ സമയത്തും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഫാക്ടറിയും, വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞ് കിടന്നതിനാല്‍ ഗാര്‍ഹിക ഉപഭോഗമായത് കൊണ്ട് ഉയര്‍ന്ന താരിഫില്‍ വന്ന വൈദ്യുതി ബില്ല് ഇളവ് ചെയ്ത് കൊടുക്കണം. ബില്ലിന്റെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ഓഫിസില്‍ എത്തുന്ന ഉപഭോക്താക്കളെ സഹായിക്കാനും, പ്രശ്നപരിഹാരത്തിനുമായി ഹെല്പ് ഡെസ്ക്ക് ആരംഭിക്കണം. നേരിട്ടെത്താന്‍ സാധിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. വൈദ്യുതിബോര്‍ഡിന്റെ കെടുകാര്യസ്ഥതയാണ് ഈ സ്ഥാപനത്തെ നഷ്ടത്തിലേക്ക് നയിക്കുന്നത്. ജലവൈദ്യുതി പദ്ധതികളില്‍ കേടായിക്കിടക്കുന്ന ജനറേറ്ററുകള്‍ നന്നാക്കാനോ, അറ്റകുറ്റപ്പണികള്‍ നടത്താനോ സാധിക്കാത്തത് കാരണം വന്‍ സാമ്പത്തിക നഷ്ടമാണ് ബോര്‍ഡിനുണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കാനായി 89 ലക്ഷം രൂപ മുടക്കി കുടുംബശ്രീക്കാരെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി നിയമിക്കാനുള്ള തീരുമാനം പിന്‍വലിക്കണം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് യൂണിറ്റിന് 20 പൈസ കുറച്ചിട്ടും, ബോര്‍ഡിനെ ലാഭത്തില്‍ എത്തിച്ചെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ 2017ലും, 2019ലും വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ചിട്ടും ബോര്‍ഡ് നഷ്ടത്തിലേക്ക് പോകുന്നത് കെടുകാര്യസ്ഥത കൊണ്ടാണ്. ജനങ്ങള്‍ക്ക് തടസമില്ലാതെ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വൈദ്യുതി തടസ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് വൈദ്യുതി തടസം നേരിടാന്‍ ബോര്‍ഡ് തയ്യാറാകണം. 17ന് രാത്രി ഒമ്പത് മണിക്ക് മൂന്ന് മിനിറ്റ് ലൈറ്റുകളും വൈദ്യുതി ഉപകരണങ്ങളും അണച്ച് നടത്തുന്ന പ്രതിഷേധസമരത്തില്‍ മുഴുവന്‍ ഉപഭോക്താക്കളും പങ്കെടുക്കണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു.
