ആനക്കര : മഴ തുടങ്ങിയതോടെ ഭാരതപ്പുഴ കവിഞ്ഞൊഴുകുമോയെന്ന ഭീതിയിലാണ് ആനക്കരക്കാർ. 2018ലും 2019ലും പ്രളയം ഏറ്റവും കനത്ത പ്രഹരമേൽപ്പിച്ച പഞ്ചായത്തുകളിലൊന്നാണ് ആനക്കര. ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂട്ടക്കടവിൽ പ്രളയത്തിൽ പുഴ ഗതിമാറിയൊഴുകിയതാണ് പഞ്ചായത്തിലെ നാശനഷ്ടങ്ങൾക്ക് കാരണമായത്.
കൂടല്ലൂർ, മണ്ണിയം പെരുമ്പലം, കുമ്പിടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ മുന്നൂറോളം വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. നിരവധി കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. രണ്ട് പ്രളയങ്ങളിലും പുഴയിൽ അടിഞ്ഞുകൂടിയ മണൽത്തിട്ടകൾ നീക്കം ചെയ്തിട്ടില്ല. വെള്ളം കയറുന്ന ഭാഗങ്ങളിൽ പാർശ്വഭിത്തികൾ കെട്ടി സംരക്ഷിക്കാത്തതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
മുന്നൂറോളം കുടുംബങ്ങളാണ് ഈ ഭാഗത്തുള്ളത്. കൂട്ടക്കടവ് തടയണയുടെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ഈ ഭാഗത്ത് പുഴയിലുണ്ടായിരുന്ന കൂപ്പുകൾ പൊളിച്ചുമാറ്റിയതാണ് വെള്ളം ശക്തമായി കവിഞ്ഞൊഴുകാൻ കാരണമായതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. കൂട്ടക്കടവിൽനിന്നും പൊളിച്ചുമാറ്റിയ കൂപ്പുകൾ പുനർനിർമിക്കാനും അടിഞ്ഞുകൂടിയ മണൽത്തിട്ടകൾ നീക്കം ചെയ്യാനും അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടുത്തയാഴ്ചയിൽ ആനക്കര പഞ്ചായത്തിലെ പുഴയിൽ മണൽത്തിട്ടകൾ രൂപപ്പെട്ട ഭാഗങ്ങളിൽ പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പട്ടാമ്പി തഹസിൽദാർ സക്കീർ ഹുസൈന്റെ വിശദീകരണം.
പ്രളയത്തിൽ പുഴ ഗതിമാറിയൊഴുകിയ, ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂട്ടക്കടവ് പ്രദേശം
