കൊട്ടാരക്കര : കരിങ്കൽ കോൺട്രാക്ടറായിരുന്ന കോട്ടാത്തല സൽരാജ് ഭവനിൽ രാജേന്ദ്രൻ ഇന്ന് നെടുവത്തൂർ പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകനാണ്. പയറും പടവലവും ചീരയും വെണ്ടയും തക്കാളിയും തുടങ്ങി ഒന്നരയേക്കർ കൃഷിയിടത്തിൽ ഇല്ലാത്ത വിളകളൊന്നുമില്ല. എൺപത് തെങ്ങിൻതൈകൾ വച്ചത് കായ്ചുതുടങ്ങി. വെറ്റിലക്കൊടിയും മത്സ്യക്കൃഷിയും ആട് വളർത്തലുമുണ്ട് വേറെ. പൊതുപ്രവർത്തന രംഗത്തും സജീവമാണ്. മണ്ണിൽ പൊന്നുവിളയിക്കുന്ന ഈ കർഷക പ്രതിഭയ്ക്ക് കോട്ടാത്തല പണയിൽ മലയാളീ ലൈബ്രറിയുടെ ആദരവ് നൽകി.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക രംഗത്ത് വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന്റെ തുടക്കമാണിത്. ഓൺലൈൻ പച്ചക്കറി വിപണിയുടെ സാദ്ധ്യതകളും രാജേന്ദ്രൻ വിജയകരമായി ഉപയോഗിക്കുന്നുണ്ട്. മക്കളായ സൽരാജിനും അഭിരാജിനും ഉന്നത വിദ്യാഭ്യാസം നൽകിയതിനൊപ്പം മണ്ണിന്റെ മണമറിഞ്ഞ് വളർത്തിയ ഈ കർഷകൻ കോട്ടാത്തലയുടെ അഭിമാനമാണ്