പാലക്കാട് : കൊട്ടേക്കാട് മേഖലയില്‍ താവളമടിച്ച മൂന്ന് കാട്ടാനകളെ കാടുകയറ്റാനുള്ള ശ്രമം ഇന്ന് തുടങ്ങും. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് വനംവകുപ്പ് കാടുകയറ്റാനൊരുങ്ങുന്നത്. ഇന്‍ട്രുമെന്റേഷന്‍ സമീപം ഊറോലി വനമേഖലയിലാണ് മൂന്ന് കാട്ടാനകള്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഇവയോടൊപ്പം മദപ്പാടുള്ള ഒരു കൊമ്പന്റെ സാന്നിധ്യവും നേരത്തെ ട്രാക്ക് ചെയ്തിരുന്നു. ഈ ആന വാളയാര്‍ ഭാഗത്തേക്ക് നീങ്ങിയതായാണ് കരുതുന്നത്.പ്രദേശത്ത് നിലയുറപ്പിച്ച ആനകളെ മലമ്പുഴ അയ്യപ്പമലയിലേക്ക് കയറ്റി വിടുകയാണ് ലക്ഷ്യം. ഇതിനായി മുത്തങ്ങയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയെത്തി ധോണിയിലെ ബേസ് ക്യാമ്പില്‍ കഴിഞ്ഞിരുന്ന മുത്തങ്ങ അഗസ്റ്റ്യന്‍, കോന്നി സുരേന്ദ്രന്, കോടനാട് നീലകണ്ഠന് എന്നീ കുങ്കിയാനകളെ കഴിഞ്ഞ രണ്ടുദിവസങ്ങളായി മലമ്പുഴയിലെ കൊട്ടേക്കാട് സെക്ഷന്‍ ഓഫീസിലേക്ക് എത്തിച്ചു.

തിങ്കളാഴ്ച രാവിലെ എളമ്പ്രക്കാടിലും ഊറോലിയിലും കുങ്കിയാനകളെ ഉപയോഗിച്ചു പട്രോളിങ് നടത്തി ആനകളെ ട്രാക്ക് ചെയ്താണ് ദൗത്യം തുടങ്ങുക.കാട്ടാനകള്‍ നിലകൊള്ളുന്ന മേഖലയില്‍ നിന്നും ഇന്‍സ്ട്രുമെന്റേഷന്‍ അകത്തേക്കോ കോച്ച് ഫാക്ടറി കോമ്പൗണ്ട് പരിസരത്തേക്കോ നീങ്ങിയാല്‍ കാടുകയറ്റല്‍ ശ്രമകരമാവുമെന്ന് വനംവകുപ്പ് ജീവനക്കാര്‍ പറഞ്ഞു. പിന്നീട് ഇവയെ ട്രാക്കു ചെയ്യാന്‍ കഞ്ചിക്കോട്, പുതുശ്ശേരി ഭാഗത്തുകൂടി പോകേണ്ടിവരും. അതുവഴി കാട്ടിലേക്ക് കയറ്റാനും കഴിയില്ല. നിലവിലുള്ള കാട്ടാനകളിലൊന്ന് പതിവായി കാടിറങ്ങുന്നതാണെന്നും അത് നാശനഷ്ടങ്ങള്‍ വരുത്താറില്ലെന്നുമാണ് വനംവകുപ്പ് പറയുന്നത്. രണ്ടുമാസം മുമ്പ് കാടുകയറ്റിവിട്ട ഈ ആനക്കൊപ്പം ധോണി മേഖലയില്‍ നിന്നുംവന്ന ആനയാണ് നിലവില്‍ കൃഷിനാശം വരുത്തുന്നത്. മേഖലയില്‍ ആറ് ആനകള്‍ വരെയാണ് വന്നിട്ടുള്ളത്. പത്തുദിവസം മുമ്പ് മലമ്പുഴ ഉദ്യാനത്തില്‍ മതില് തകര്‍ത്ത് ചില്‍ഡ്രന്‍സ് പാര്ക്കിലിറങ്ങിയ രണ്ടുകാട്ടാനകള്‍ നാലുദിവസം മുമ്പ് ചേമ്പന ഭാഗത്തുനിന്നും കാടുകയറിയതായാണ് അധികൃതര്‍ നല്കുന്ന വിവരം. ധോണി വനമേഖലയോട് ചേര്‍ന്നുള്ള കോര്‍മ, കയ്യറ, ഊരോലി, ഒടുവങ്ങാട്, ഞാറക്കോട്, മലമ്പുഴ, ഹോട്ടികള്‍ച്ചര്‍ ഫാം തുടങ്ങിയ മേഖലകളിലാണ് കാട്ടാനകള്‍ പതിവായി എത്തുന്നത്.