കൊല്ലം : കടയ്ക്കലിലെ പോലീസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് മദ്യപ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. വിഷ്ണുവിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നാലംഗ സംഘം കുടിച്ചത് സ്പിരിറ്റാണെന്നും വെള്ളിയാഴ്ച രാത്രി സ്പിരിറ്റ് എത്തിച്ചത് വിഷ്ണുവാണെന്നും വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മരിച്ച അഖില്‍, സുഹൃത്തുക്കളായ ഗിരീഷ്, ശിവപ്രിയന്‍, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് സ്പിരിറ്റ് കുടിച്ചത്. ഇവരില്‍ ഗിരീഷും ശിവപ്രിയനും തിരുവനന്തപുരം മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്പിരിറ്റാണ് ഇവര്‍ കഴിച്ചതെന്ന് സംശയം ഉണ്ട്. സ്പിരിറ്റ് കിട്ടിയ സ്ഥലത്തെ കുറിച്ച് അന്വേഷണം തുടങ്ങി. പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു.
മുന്‍പും ഇവര്‍ സ്പിരിറ്റ് കുടിച്ചിരുന്നു. അന്ന് ശീതളപാനിയത്തില്‍ കലര്‍ത്തി കഴിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായെന്നാണ് വിഷ്ണുവിന്റെ മൊഴി. അതുകൊണ്ടാണ് ഇത്തവണ കുറച്ച് മാത്രം മദ്യപിച്ചതെന്നും വിഷ്ണു മൊഴി നല്കി.