ആകസ്മിക ഘട്ടങ്ങളില്‍ വിവിധ വകുപ്പുകളുടെ ദൗത്യ നിർവഹണങ്ങൾ
കാര്യഗൗരവങ്ങളോടെ ആവാൻ പരിശീലനം നൽകി പട്ടാമ്പിയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക്ഡ്രില്‍.
അവിചാരിതവും അടിയന്തിരവും ആയ സാഹചര്യങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകോപനവും കാര്യക്ഷമതയും പരിശോധിക്കുന്നതിനായി പട്ടാമ്പിയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മോക്ക്ഡ്രില്‍. ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു. ശനിയാഴ്ച ഉച്ചയോടെ വിവിധ വകുപ്പുകൾ ആയ പൊലിസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് എന്നിവരുടെ വാഹനങ്ങള്‍ ടൗണിലൂടെ മിനുറ്റുകളുടെ വ്യത്യാസത്തില്‍ ചീറിപാഞ്ഞപ്പോൾ പൊതുജനം അക്ഷരാർത്ഥത്തിൽ ഭയാശങ്കയിലായി. എന്ത് അപകടമാണ് നടന്നതെന്ന് സ്ഥലത്തേക്ക് അന്വേഷിച്ചെത്തിയവര്‍ക്ക് കാര്യം പിടികിട്ടിയതോടെ തങ്ങൾക്കു പറ്റിയ അമളി മറച്ചുവെക്കാൻ പലരും പാടുപെട്ടു.
ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളിലും അപകടവിവരങ്ങള്‍ പരസ്പരം അറിയിക്കലും തകൃതിയായി. പട്ടാമ്പി തെക്കുമുറി സ്കൂള്‍പടിയില്‍ വലിയ മരം കടപുഴകി വീണുള്ള അപകടം ഉണ്ടായ വിവരമാണ് തഹസില്‍ദാര്‍ വിവിധ വകുപ്പുകള്‍ക്ക് നല്കിയ നിര്‍ദേശം. അറിയിപ്പ് ലഭിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ പട്ടാമ്പി പൊലിസ് സ്ഥലത്തെത്തി. പിന്നീട് ഷൊര്‍ണൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് ടീമും ആംബുലന്‍സുകളും പാഞ്ഞെത്തി. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട സജ്ജീകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ വാഹനങ്ങളില്‍ ഉണ്ടായിരുന്നു.
ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം എങ്ങനെയാവുമെന്നും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം പരിശോധിക്കുകയുമാണ് മോക്ക് ഡ്രില്ലിലൂടെ ലക്ഷ്യമിട്ടെതെന്ന് തഹസില്‍ദാര്‍ സക്കീര്‍ ഹുസൈന് പറഞ്ഞു.
എന്നാല്‍ സമയത്ത് എത്തിച്ചേരേണ്ട കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി അരമണിക്കൂറിലധികം കഴിഞ്ഞാണ് മോക്ക്ഡ്രില്ലിലേക്ക് എത്തിയതെന്നും ഈ വകുപ്പുകളുടെ അനാസ്ഥ ചൂണ്ടികാണിച്ച് ജില്ലാകളക്ടര്‍ക്ക് വിവരങ്ങള്‍ കൈമാറുമെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ സൈദ് മുഹമ്മദ് അറിയിച്ചു.
