പട്ടാപ്പകൽ കാർ റാഞ്ചി കടന്നു കളയാൻ ശ്രമിച്ചയാൾ അപകടത്തിൽപ്പെട്ട് കുടുങ്ങി.
ഒറ്റപ്പാലത്തിനു സമീപം തൃക്കടീരിയിലാണ് നിരത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കണ്ണൂർ നിർമലഗിരി പുളിക്കൽ അബ്ദുൽ ജവാദാണ് (35) പിടിയിലായത്.
തുടക്കം ഇങ്ങനെ : സെക്കൻഡ് ഹാൻഡ് കാർ അന്വേഷിച്ച് ഇയാൾ വരോട് എത്തുന്നതോടെയാണ് ക്രൈം ത്രില്ലറിനു തിരി കൊളുത്തിയത്. കുളപ്പുള്ളിയാണ് സ്വദേശമെന്നും ഇയാൾ വെളിപ്പെടുത്തി.
സ്വിഫ്റ്റ് കാർ വിൽപ്പനക്കുണ്ടെന്ന് പ്രദേശവാസിയായ അബൂ താഹിർ പറഞ്ഞതനുസരിച്ച് ഇരുവരും മൂച്ചിക്കൽ മുഹമ്മദാലിയുടെ വീട്ടിലെത്തി.
കാർ ഓടിച്ചു നോക്കണമെന്ന ജവാദിൻ്റെ ആവശ്യം കാർ ഉടമ അംഗീകരിക്കുകയും അബൂ താഹിറിനെ കൂടെ വിടുകയും ചെയ്തു. കാർ പനമണ്ണയിൽ എത്തിയപ്പോൾ എഞ്ചിൻ തുറന്നു പരിശോധിക്കാൻ വേണ്ടി വണ്ടി നിർത്തി. ഇരുവരും ഇറങ്ങി ബോണറ്റ് തുറന്നു പരിശോധിച്ചു. പൊടുന്നനെ ഡ്രൈവർ സീറ്റിൽ ചാടിക്കയറിയ ജവാദ് കാർ അതിവേഗം മുന്നോട്ടെടുത്തു. അബൂ താഹിർ പെട്ടെന്ന് ഒഴിഞ്ഞു മാറിയതിനാൽ
പരിക്കില്ലാതെ രക്ഷപ്പെട്ടു.
അമിത വേഗതയിൽ പോയ കാർ തൃക്കടീരിയിൽ നിയന്ത്രണം വിട്ട് രണ്ട് ബൈക്കിലും ഒരു ചരക്ക് വാഹനത്തിലും ഓട്ടോയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ചരക്ക് വാഹനം മറിഞ്ഞു.

ഇതിനിടയിൽ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയും നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു. ഇയാളുടെ പക്കൽ നിന്ന് രണ്ട് കത്തികൾ കണ്ടെടുത്തു. ഇയാൾക്കെതിരെ വാഹന കവർച്ചക്ക് ഒറ്റപ്പാലം പോലീസ് കേസെടുത്തു.