പാലക്കാട് : മൺചുമരുകളും അസൗകര്യങ്ങളും മാത്രം കൂട്ടിന് ഉണ്ടായിരുന്ന ഓങ്ങല്ലൂരിലെ ഒറ്റമ്മക്ക് സന്തോഷത്തോടെ അന്തിയുറങ്ങാൻ ഒരു പുത്തൻ വീടായി.
കേരള സർക്കാറിന്റെ ലൈഫ്മിഷൻ ഭവന പദ്ധതിയുടെ ഭാഗമായി ഒറ്റമ്മ എന്ന പേരിലറിയപ്പെടുന്ന പൈനോഴി വിജയലക്ഷ്മിയമ്മക്ക് അനുവദിച്ച വീടിൻറെ ഗൃഹപ്രവേശനം സന്തോഷപൂർവ്വം നടന്നു. ഒറ്റയ്ക്ക് ദുരിതപൂർണ്ണമായ ജീവിതം നയിച്ചിരുന്ന അമ്മയ്ക്ക് ഇനി സ്വപ്നതുല്യമായ വീട്ടിൽ കിടന്നുറങ്ങാം.

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് അതിമനോഹരമായ ഈ വീട് നിർമ്മിച്ച് നൽകിയത്. വീടില്ലാത്തവർക്ക് വീട് ലഭ്യമാക്കുന്ന പ്രവർത്തനങ്ങളിൽ മികച്ച മാതൃകയാണ് ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിസാർ പറമ്പിൽ ഉൾപ്പെടെയുള്ള ജന പ്രതിനിധികളുടെ സാന്നിധ്യത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ വീട് ഒറ്റമ്മക്ക് സമർപ്പിച്ചു.
പദ്ധതി യാഥാർഥ്യമാക്കാൻ നേതൃത്വം നൽകിയ വാർഡ് മെമ്പർ കൂടിയായ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി വിജയൻ, പഞ്ചായത്ത് പ്രസിഡണ്ട് ജിഷാർ പറമ്പിൽ, വീട് മനോഹരമാക്കാൻ നേതൃത്വം നൽകിയ നാട്ടുകാർ കൂടിയായ കൃഷ്ണപ്രസാദ്, മുകേഷ്, കൂടാതെ ഓരോ ഘട്ടത്തിലും സഹായവുമായി എത്തിയ വ്യക്തികൾ, ആരഭി വായനശാല പ്രവർത്തകർ തുടങ്ങി എല്ലാവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി മുഹമ്മദ് മുഹ്സിൻ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.