കൊട്ടാരക്കര : സ്കൂളിലെ ഓൺലൈൻ പഠനം മുഴുവൻ ഒരു കുടക്കീഴിൽ …. വേറിട്ട ഓൺലൈൻ പോർട്ടലുമായി നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻറി സ്കൂൾ
കൊവിഡ് 19- കൊറോണ മഹാമാരിക്കിടയിൽ പൊതു വിദ്യാലയങ്ങളിൽ അധ്യയനം ആരംഭിക്കാൻ കഴിയാത്തതിനാൽ പൊതു വിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ അദ്ധ്യയനം ലോക്ക് ഡോൺ ആകാതിരിക്കാൻ , വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ സ്കൂളിലെ മൊത്തം ക്ലാസിലേയും കുട്ടികളുടെ പoനം ഒറ്റ ഓൺലൈൻ പോർട്ടൽ വഴി എളുപ്പമാക്കുകയാണ് കൊട്ടാരക്കര നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻ്ററി സ്കൂൾ. ഇൻ്റർനെറ്റ് സംവിധാനമുള്ള കംപ്യൂട്ടർ വഴിയും, സ്മാർട്ട് ഫോൺ വഴിയും,ഇൻ്റർനെറ്റ് കണക്ട് ചെയ്യാവുന്ന സ്മാർട്ട് ടിവി വഴിയും സ്കൂൾ തയ്യാറാക്കിയ സ്കുളിൻ്റെ പേരിലുള്ള ഓൺലൈൻ പോർട്ടൽ തുറക്കുന്നതോടെ അഞ്ച് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ പഠന ഭാഗങ്ങൾ കാണാൻ കഴിയും. കുട്ടികൾക്ക് ഇതിലൂടെ പഠനം സുഗമമാക്കാൻ കഴിയും. സ്കൂളിലെ അദ്ധ്യാപകർ തയ്യാറാക്കുന്ന പഠന പ്രവർത്തനങ്ങൾ ഈ പോർട്ടൽ വഴി കുട്ടികൾക്ക് പഠിക്കാൻ കഴിയും. സംശയ നിവാരണം എഴുതാനുള്ള സംവിധാനവും പോർട്ടലിൽ ഉണ്ട്.പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഓൺലൈൻ പoന മാധ്യമമായ വിക്ടേഴ്സ് ചാനലും ഈ പോർട്ടൽ വഴി ലൈവായി കാണാൻ കഴിയും. വിക്ടേഴ്സ് ചാനലിൽ കണാൻ കഴിയാത്ത മുൻ ക്ലാസുകളും ഈ പോർട്ടൽ വഴി കാണാൻ കഴിയും എന്ന പ്രത്രേകതയും ഉണ്ട്.കൂടാതെ ലൈവ് ആയി ഓൺലൈൻ ക്ലാസുകൾ നടത്താൻ കഴിയുമെന്ന പ്രത്യേക ഈ പോർട്ടലിനുണ്ട്. ഓൺലൈനായി ടി സി സ്കൂളിലേക്ക് നൽകുന്നതിനുള്ള സൗകര്യം,കുട്ടികളുടെ കലാപ്രകടനങളും കഴിവുകളും പ്രദർശിപ്പിക്കുന്നതിനുള്ള സൗകര്യം,ഓൺലൈൻ മത്സര പരീക്ഷകൾ നടത്തുവാനുള്ള സൗകര്യം, എന്നിവ പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.
സ്കുളിൽ ആരംഭിച്ച ഈ പോർട്ടൽ ഏത് വിദ്യാർത്ഥിക്ക് വേണമെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സ്കൂൾ അദ്ധ്യാപകർ നേതൃത്വം നൽകുന്ന പോർട്ടൽ രൂപകൽപ്പന ചെയ്തത് സ്കുളിലെ കൈറ്റ് മാസ്റ്റർ ആയ ഷിനു വി രാജ് ആണ് .ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങളും സാങ്കേതികമായി ആയി പോർട്ടലിനെ സഹായിക്കുന്നുണ്ട്.
ഓൺലൈൻ പോർട്ടൽ പൂർണ്ണമായി പ്രവർത്തം ആരംഭിച്ചിട്ടുണ്ട്. സ്കൂളിലെ കുട്ടികൾക്ക് മാത്രമല്ല പൊതുവിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥിക്കും പ്രയോജനകരമായ രീതിയിലാണ് പോർട്ടലിൻ്റെ പ്രവർത്തനം. ഓൺലൈൻ പോർട്ടൽ വീഡിയോ കോൺഫറൻസിലൂടെ സ്കൂൾ മാനേജർ കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി എ പ്രസിഡൻ്റ് വി. ഗോപകുമാർ , പ്രിൻസിപ്പാൾ ജിജി വിദ്യാധരൻ, ഹെഡ്മിസ്ട്രസ് സിന്ധു എസ് നായർ എന്നിവർ ഓൺ ലൈൻ പോർട്ടൽ വഴി ആശംസകൾ നേർന്നു.