അഞ്ചല്‍: കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍. അച്ഛനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. പറക്കോട്ടെ വീട്ടില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എത്തിയില്ല. തുടര്‍ന്ന് പുനലൂരില്‍ നിന്നുള്ള പൊലീസ് സംഘം ഇവരെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സൂരജിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണം ഉത്രയുടേത് തന്നെയാണോയെന്ന് പരിശോധിച്ചു. ഉത്രയുടെ അമ്മയും സഹോദരനും കല്ല്യാണ ആല്‍ബവുമായി ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ഉത്രയുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സൂരജിനേയും അച്ഛനേയും ഒരുമിച്ച് ചോദ്യംചെയ്യുകയാണ്. അച്ഛന് സുരേന്ദ്രന്റെ അറസ്റ്റ് തെളിവു നശിപ്പിച്ചതിനും ഗാര്‍ഹിക പീഡനത്തിനുമാണ്. ഉത്രയുടെ സ്വര്‍ണം അമ്മ മണിമേഖല തിരിച്ചറിഞ്ഞു.
ഉത്രയുടെ ആഭരണങ്ങള്‍ കുഴിച്ചിട്ടത് സൂരജിന്റെ അമ്മയുടെ അറിവോടെയാണെന്ന് അച്ഛന് സുരേന്ദ്രന് മൊഴി നല്കി. അന്വേഷണ സംഘം സൂരജിനേയും അച്ഛന് സുരേന്ദ്രനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുകയാണ്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ കൊട്ടാരക്കര ഓഫീസില്‍ എസ്.പി ഹരിശങ്കറിന്റെ നേത്യത്വത്തിലാണ് ചോദ്യം ചെയ്യല്‍.