എറണാകുളം : വിദേശത്ത് നിന്നും എത്തുന്ന ഗർഭിണികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികള്‍ പ്രസവ വാര്‍ഡുകള്‍ ക്രമീകരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ്. എറണാകുളത്ത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കായി കൂടുതൽ സൗകര്യം ഏർപ്പെടുത്തി. നാലുനിലകളിലായാണ് സമ്പർക്ക വിലക്കിൽ കഴിയേണ്ടി വരുന്ന ഗർഭിണികൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രസവ തീയതി അടുത്തവർക്കും മറ്റ് അസ്വസ്ഥതകൾ അനുഭവിക്കുന്ന ഗർഭിണികൾക്കും ആശുപത്രിയിൽ പ്രത്യേക ചികിത്സ ഒരുക്കിയിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് എറണാകുളം ജില്ലാ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രവാസി മലയാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. ഇതില്‍ ആദ്യമെത്തുക ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവരും. ഈ സാഹചര്യത്തിലാണ് അടിയന്തര ചികിത്സ ആവശ്യമായി വരുന്നവർക്ക് പ്രത്യേക പരിഗണന നൽകി സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ തന്നെ കോവിഡ് പോസിറ്റീവ് ആയവർക്കും നെഗറ്റീവ് ആയവർക്കും പ്രത്യേക സജ്ജീകരണങ്ങളാണ്. ഇവർക്കായി പ്രത്യേക പ്രസവമുറികളും ഉണ്ട്. കോവിഡ് പോസിറ്റീവ് പ്രസവമുറികളും കോവിഡ് നെഗറ്റീവ് പ്രസവമുറികളും നിലവിലെ സാഹചര്യത്തിൽ തയാറാക്കിയതാണ്.
