കുളത്തുപ്പുഴ : കോണ്‍ക്രീറ്റ് ജനല്‍ പാളി വീണു നാലര വയസുകാരന് ദാരുണാന്ത്യം. കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി ഷാ മന്‍സിലില്‍ മുഹമദ് ഷാ, ജസ്ന ദമ്പതികളുടെ നാലര വയസുള്ള അയാന് ആണ് മരിച്ചത്. ഇന്നുച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഇവരുടെ വീടിന് മുന്നിലാണ് സംഭവം. മുഹമദ് ഷാക്കും കുടുംബത്തിനും കോണ്‍ക്രീറ്റ് തൂണ്, കട്ടിള, ജനല്‍ എന്നിവ നിര്‍മ്മിച്ച് നല്കുന്ന സ്ഥാപനമുണ്ട്. ഇവരുടെര് വീടിനോട് ചേര്‍ന്ന് തന്നെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച ജനല്‍ വീടിനു മുന്‍വശം ചാരി വച്ചിരുന്നു. കളിക്കുന്നതിനിടെ അയാന് ഇതില്‍ പിടിക്കുകയും ഭാരമേറിയ ജനല്‍ കുഞ്ഞിന്റെ മുകളിലേക്ക് വീഴുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അയാനെ ഉടന്‍ തന്നെ അതുവഴി എത്തിയ ബിഎസ്എന്‍എല്‍ വാഹനത്തില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ഇപ്പോള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുളത്തുപ്പുഴ സ്റ്റെല്ലമേരീസ് സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ് അയാന്.
