യു.എ.ഇ : ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലുള്ള പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിന് ഇന്ന് തുടക്കം. ഇന്ന് രാത്രി 9.40-ന് അബുദാബിയില്‍നിന്ന് കൊച്ചിയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നിറങ്ങുന്നതോടെ ചരിത്രദൗത്യത്തിന് തുടക്കം കുറിക്കും. ദുബായിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.30-നുമെത്തും. ഇവയുള്‍പ്പെടെ എട്ട് വിമാനങ്ങളാണ് ആദ്യദിനം വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്നത്.
177 യാത്രക്കാരുമായി യു.എ.ഇ സമയം വൈകിട്ട് നാല് പതിനഞ്ചിനാണ് അബുദബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടുന്നത്. ഇന്ത്യന്‍ സമയം 9.40 ന് നെടുമ്ബാശ്ശേരിയിലെത്തും. അഞ്ച് മണിയോടെ രണ്ടാമത്തെ വിമാനം ദുബായില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടും. 175 പേരുമായി രാത്രി പത്തരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. രണ്ട് വിമാനങ്ങളിലേക്കുമുള്ള ടിക്കറ്റ് വിതരണം പൂര്‍ത്തിയായി.
6500 ഗര്‍ഭിണികളാണ് യു.എ.ഇയില്‍ നിന്നുമാത്രം നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത്. നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഗര്‍ഭിണിയായ യുവതി ആതിരയും ആദ്യസംഘത്തിലുണ്ട്. യു.എ.ഇ.യില്‍നിന്നും ആദ്യഘട്ടത്തില്‍ മടങ്ങുന്നവരില്‍ ജോലി നഷ്ടമായവരും ഗര്‍ഭിണികള്‍ കൂടാതെ അവര്‍ക്കൊപ്പമുള്ള ബന്ധുക്കള്‍, പ്രായമായവര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരും ഉണ്ട്.