കൊട്ടാരക്കര : പത്തനംതിട്ട ജില്ലയില്‍ അടൂര്‍ കണ്ണംകോട് നാലുതുണ്ടില്‍ വടക്കതില്‍ അബ്ദുള്‍ ഖരിം മകന് ഷബീര്‍ (40) ഗള്‍ഫിലേക്ക് പോകാനായി സ്വന്തം വാഹനത്തില്‍ ഡ്രൈവറുമൊത്ത് വരുമ്പോള്‍ കരിക്കത്ത് ഇന്നോവ കാറിലെത്തിയ അക്രമികള്‍ ഓവര്‍ടേക്ക് ചെയ്ത് നിര്‍ത്തി വടിവാളും കമ്പിവടികളുംകൊണ്ട് കാറിന്റെ ഗ്ലാസ് അടിച്ച് പൊട്ടിച്ച് ഡ്രൈവറെ വണ്ടിയില്‍ നിന്നും ഓടിച്ച് വിട്ടശേഷം സബീറിനെ മാരകമായി വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതികളായ നാല് പേര് കൊട്ടാരക്കര പോലീസിന്റെ പിടിയിലായി.
ഒരു വര്‍ഷത്തോളം പഴക്കമുള്ള കേസില്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ഹരിശങ്കര്‍ ഐ.പി.എസ് ചാര്‍ജ്ജെടുത്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ത്വരിതപ്പെടുത്തുകയായിരുന്നു. കിളികൊല്ലൂര്‍ വില്ലേജില്‍ ഒരുമ നഗര്‍ 22 ല്‍ കാട്ടുപുറത്ത് വീട്ടില്‍ തങ്കപ്പനാചാരി മകന് വാവാച്ചി എന്ന് വിളിക്കുന്ന ദിനേശ് ലാല്‍ (37) കിളികൊല്ലൂര്‍ വില്ലേജില്‍ ചാമ്പക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ സൂജാഹുദ്ദീന് മകന് ഷാഫി (30) കിളികൊല്ലൂര്‍ വില്ലേജില്‍ ചാമ്പക്കുളം നക്ഷത്ര നഗര്‍ 112 ല്‍ റഹിയാനത്ത് മന്‍സിലില്‍ ബൈജു മകന് വിഷ്ണു (22) കിളികൊല്ലൂര്‍ വില്ലേജില്‍ ചാമ്പക്കുളം നക്ഷത്ര നഗര്‍ 79 വയലില്‍ പുത്തന്‍ വീട്ടില്‍ പവിത്രന് മകന് പ്രജോഷ് (31)എന്നിവരാണ് പിടിയിലായത്.
ഷബീര്‍ വിദേശത്ത് ജോലി ചെയ്തുവരികയായിരുന്നു. വിദേശത്ത് നടത്തുന്ന ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളെതുടര്‍ന്ന് കൊട്ടേഷന്റെ ഭാഗമായാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഈ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
പ്രതികള്‍ എല്ലാവരും കൊല്ലം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ അടിപിടി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ക്വട്ടേഷന്‍ സംഘാംഗങ്ങളും ആണ്. ദിനേശ് ലാലിന് പുനലൂര്‍, കിളികൊല്ലൂര്‍ സ്റ്റേഷനുകളിലായി അഞ്ച് കേസുകളിലെ പ്രതിയാണ്. ഷാഫി എന്നയാള്‍ക്ക് കുണ്ടറ, കിളികൊല്ലൂര്‍ എന്നീ സ്റ്റേഷനുകളിലായി മൂന്ന് കേസുകളിലെ പ്രതിയാണ്. വിഷ്ണു കുണ്ടറ സ്റ്റേഷനിലെ കേസിലെ പ്രതിയാണ്. പ്രജോഷ് കിളികൊല്ലൂര്‍ സ്റ്റേഷനിലെ മൂന്ന് കേസുകളിലെ പ്രതിയാണ്. പ്രതികളുപയോഗിച്ച വാഹനവും അക്രമത്തിനുപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തു.
ബഹു ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കൊട്ടാരക്കര സി.ഐ പ്രശാന്ത്, എസ്.ഐ രാജീവ്, രമേശന് പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ശിവശങ്കരപിള്ള, ബിനു.സി.എസ്, ആഷിശ് കോഹൂര്‍, അജയന്, സജി ജോണ്‍, രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.
