ശാസ്താംകോട്ട: ഷാർജയിൽ നിന്നും മടങ്ങിയെത്തിയ ശാസ്താംകോട്ട പനപ്പെട്ടി സ്വദേശികളായ മാതാപിതാക്കളുടെ ഏഴു വയസുകാരി മകൾക്ക് കോവിഡ് സ്ഥിതീകരിച്ചു. ഷാർജയിലായിരുന്ന കുട്ടിയും ഗർഭിണിയായ മാതാവും മാർച്ചിലാണ് നാട്ടിലെത്തിയത്. തുടർന്ന് ചാത്തന്നൂർ കണ്ണനല്ലൂരിലെ മാതാവിന്റെ വീട്ടിൽ നീരിക്ഷണത്തിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. നിരീക്ഷണ കാലാവധി കഴിഞ്ഞതോടെ 21 ന് ഈ കുട്ടിയുടെ മുത്തച്ഛൻ ശാസ്താംകോട്ടയിലുള്ള വീട്ടിലേക്ക് കുട്ടിയെയും മാതാവിനെയും കൂട്ടിക്കൊണ്ട് വരുകയായിരുന്നു. കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും കുട്ടിയും മുത്തശ്ശിയുമടങ്ങുന്നതാണ് കുടുംബം. ഇതിനിടെ കഴിഞ്ഞ ദിവസംകുട്ടിക്ക് പനി വന്നതിനെ തുടർന്നാണ് ശാസ്താംകോട്ട താലൂക്ക്ആശുപത്രിയിൽ പരിശോധനക്ക്എത്തിയത്. ഇവിടെ നിന്നും പിന്നീട് കരുനാഗപ്പള്ള ഗവൺമെൻ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ വെച്ച് കുട്ടിയുടെ സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. പരിശോധന ഫലം പോസിറ്റീവ് ആയതോടെ കഴിഞ്ഞ ദിവസം പുലർച്ചെ ആമ്പുലൻസിൽ കൊല്ലം പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു. കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടുത്ത് സന്ദർശിച്ച നിരവധി ബന്ധുക്കൾ സ്വയം വിവരം അറിയിച്ച് എത്തുന്നുണ്ട്. എന്നാൽ ചിലർ കുട്ടിയുടെയും ബന്ധുക്കളുമായി സമ്പർക്കം പുലർത്തിയ കാര്യം ഇനിയും വെളിപ്പെടുത്താൻ തയ്യാറാവാത്തത് ആരോഗ്യ പ്രവർത്തകരേയും പോലീസിനെയും കുഴപ്പിക്കുന്നു.
ഇന്നലെ രാവിലെ സോഷ്യൽ മീഡിയാ വഴി കുട്ടിക്ക് കോവിഡ് ബാധയുണ്ടായ വിവരം അറിഞ്ഞതോടെ ആശങ്കയിൽ കുന്നത്തൂർ താലൂക്ക് ഭാഗികമായി നിശ്ചലമായി. സാധാരണ പോലുള്ള പോലീസ് നിയന്ത്രണം മാത്രം റോഡിലുണ്ടായിട്ടും ജനം നിരത്തിലിറങ്ങാൻ മടിച്ചു. കുട്ടിയുടെ വീടും ഭരണിക്കാവ് ജംഗ്ഷനും തമ്മിൽ രണ്ട് കിലോമീറ്റർ അകലംമാത്രമാണ് ദൂരം. ഇത് കൊണ്ടാകണം ഉച്ചയോടെ ഭരണിക്കാവ് ജംഗ്ഷനിലും തിരക്ക് കുറഞ്ഞു.
കുട്ടിക്ക് കോവിഡ് സ്ഥിതീകരിച്ച പശ്ശ്ചാത്തലത്തിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കോവൂർ കുഞ്ഞുമോൻ എം എൽ എ യുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു. കൊല്ലം റൂറൽ എസ്പി ഹരിശങ്കർ, ഡിവൈസ് പി നാസറുദീൻ, മെഡിക്കൽ ഓഫീസർമാരായ ഡോ.വിമല ,ഷഹാനാ മുഹമ്മദ്, സിഐമാരായ ഫിറോസ് ,അനൂപ് ,ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സ്ഥിതിഗതികളും നിർദേശങ്ങളും ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി. വൈകിട്ടോടെ ശാസ്താംകോട്ട, പോരുവഴി, ചാത്തന്നൂർ ഗ്രാമപഞ്ചായത്തുകളിൽ കളക്ടർ 144 പ്രഖ്യാപിച്ച് ഉത്തരവായി
