രണ്ട് കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണം. വിജയപുരം പനച്ചിക്കാട് പഞ്ചായത്തുകളും കോട്ടയം നഗരസഭയുടെ 20, 29, 36, 37 വാര്‍ഡുകളിലും സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചു. കോട്ടയം മാര്‍ക്കറ്റ് താല്കാലികമായി അടച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരുടെ കോണ്ടാക്ട് ട്രേസിംഗ് പുരോഗമിക്കുയാണ്.
കോട്ടയം മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നലെയും ഇയാള്‍ മാര്‍ക്കറ്റില്‍ എത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇയാളുമായി ബന്ധപ്പെട്ടവരെയെല്ലാം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ജില്ലാ ഭരണകൂടം. അണുനശീകരണം നടത്തുന്നതിനായി മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു. പാലക്കാട് നിന്നെത്തിയ ലോറി ഡ്രൈവറുമായി ഇയാള്‍ ബന്ധപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്.
തിരുവനന്തപുരത്ത് നിന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകനുമായി ബന്ധപ്പെട്ടവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്. ക്വാറന്റൈനിലായിരുന്നതിനാല്‍ ജില്ലയില്‍ അധികമാരുമായും ഇയാള്‍ ബന്ധപ്പെട്ടിട്ടില്ല. വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളും കോട്ടയം നഗരസഭയുടെ 20,29,36,37 വാര്‍ഡുകളും ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ഓറഞ്ച് സോണാണെങ്കിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.
കോവിഡ് സ്ഥിരീകരിച്ചവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആസ്ട്രേലിയയില്‍ നിന്നും ഇടുക്കിയിലെത്തിയ ദമ്പതികളേയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നെത്തിയ ലോറി ഡ്രൈവറുമായി ബന്ധപ്പെട്ട എട്ട് പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. കൂടുതല്‍ പേരെ പരിശോധനയ്ക്ക് ഉടന്‍ വിധേയരാക്കും.