കൊട്ടാരക്കര : ജില്ലയിലെ ഹോട്ട് സ്പോട്ടുകളായ പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ കാരയ്ക്കാട് വാര്‍ഡ്, കുളത്തൂപ്പുഴ പഞ്ചായത്ത്, നിലമേല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ശക്തമായ നിരീക്ഷണവും പരിശോധനകളും നടത്താന്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചു. യാതൊരുകാരണവശാലും ലോക്ക് ഡൗണ്‍ ഇളവുകള്‍ ഹോട്ട് സ്പോട്ടുകളില്‍ അനുവദിക്കുകയില്ല. അത്യാവശ്യ സര്‍വ്വീസുകള്‍ നടത്തുന്ന കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ജോലിക്കാര്‍ക്കും മാത്രമേ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവാദം ലഭിക്കുകയുളളു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടുളളൂ. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ സാമൂഹ്യഅകലം പാലിച്ച് സാമൂഹ്യ സുരക്ഷയ്ക്കായി മാസ്ക്കുകളും സാനിട്ടൈസറുകളും ഇടപാടുകാര്‍ക്ക് നല്‍കുന്നതിന് നിര്‍ദ്ദേശം നല്കി.
ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ പ്രവേശിക്കാത്തവിധം അടച്ചിടുന്നതിന് മതമേലദ്യക്ഷന്മാര്‍ക്ക് നോട്ടീസ് നല്‍കുന്നതിനും ഹോട്ട് സ്പോട്ട് സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ മൈക്ക് അനൗന്‍സ്മെന്റ് ഉള്‍പ്പെടെയുളള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്താന്‍ എല്ലാ എസ്. എച്ച്.ഒ മാര്‍ക്കും നിര്‍ദ്ദേശം നല്കി. ഡ്യൂട്ടിയിലുളള എല്ലാ പോലീസുദ്യോഗസ്ഥന്മാരുംനിര്ബന്ധമായും മാസ്ക്ക് , ഗൗസ് തുടങ്ങിയവ ധരിച്ച് സാമൂഹ്യ അകലം പാലിച്ച് ഡ്യൂട്ടി ചെയ്യുന്നതിനും നിര്‍ദ്ദേശം നല്കി.
കൊല്ലം റൂറല്‍ ജില്ലയില്‍ വ്യാഴാഴ്ച ലോക്ക് ഡൗണ്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് 226 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 233 പേരെ അറസ്റ്റ് ചെയ്തു 206 വാഹനങ്ങള്‍ പിടിച്ചെടുത്തു. ജില്ലയിലെ ഹോട്ട് സ്പോട്ട് പ്രദേശങ്ങളില്‍ യാതൊരുവിധ ഇളവുകളും നല്‍കാതെ പഴുതടച്ച ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.
