തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ലോക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തി. കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇളവുകള്‍ തിരുത്തിയത്. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. പാഴ്സല്‍ മാത്രമാണ് ഉണ്ടാവുക. ബൈക്കില്‍ രണ്ടുപേര്‍ യാത്ര ചെയ്യാന്‍ പാടില്ല.
മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. അതേസമയം, വര്‍ക്ഷോപ്പ് തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടാനും തീരുമാനിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നത്.. രോഗവ്യാപന തോത് കുറഞ്ഞ് വരുന്ന കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങള്‍ ഇന്ന് ഭാഗികമായി തുറന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.
വര്‍ക്ക്ഷോപ്പുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, പുസ്തകക്കടകള്‍, ഭക്ഷണശാലകള്‍ തുറക്കാന്‍ അനുവദിച്ചു. നഗരപ്രദേശങ്ങളില്‍ ചെറുകിട വ്യവസായ സ്ഥാനപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്കി, ഹ്രസ്വദൂരങ്ങളിലേക്ക് ബസ് സര്‍വിസിന് അനുമതി നല്കി എന്നിവ കേന്ദ്ര ചട്ടങ്ങള്‍ക്കെതിരാണെന്നാണ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലെ ഏഴ് ജില്ലകളിലാണ് തിങ്കളാഴ്ച മുതല്‍ ഇളവ് വരുത്തിയത്.