ന്യൂഡൽഹി : രാജ്യത്തെ കോവിഡ് കേസുകൾ ഇരട്ടിക്കുന്നതിന്റെ തോത് കുറഞ്ഞെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഏഴ് ദിവസമായി രോഗവ്യാപന കുറയുന്നത് 7.5% വർധിച്ചു. 3–5 ദിവസങ്ങൾ എന്നത് ഇപ്പോൾ 7–5 ദിവസങ്ങൾ ആയെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ 19 വരെയുള്ള വിവരമനുസരിച്ച്, 18 സംസ്ഥാനങ്ങളിൽ ഈ നിരക്ക് ദേശീയ ശരാശരിയേക്കാൾ മികച്ചതാണ്. കേസുകളുടെ ഇരട്ടിക്കൽ നിരക്ക്, വൈറസ്ബാധ എത്ര വേഗത്തിൽ പടരുന്നു എന്നതിന്റെ സൂചനയാണ്.
ഇപ്പോഴത്തെ കണക്ക്, മൂന്നാഴ്ചത്തെ ലോക്ഡൗൺ ഫലപ്രദമായിരുന്നെന്നും മേയ് 3 വരെ നീട്ടിയ തീരുമാനം ശരിയായിരുന്നെന്നും തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 24 മണിക്കൂറിനിടെ 1553 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 17,265 ആയി. ഇതിൽ 14175 പേരാണ് ചികിത്സയിലുള്ളത്. 2546 പേരുടെ രോഗം ഭേദമായി. 24 മണിക്കൂറിനിടെ 36 പേർ മരിച്ചതോടെ ആകെ മരണം 543 ആയി.
മാഹി(പുതുച്ചേരി), കുടക് (കർണാടക), പൗരി ഗർവാൾ (ഉത്തരാഖണ്ഡ്) എന്നിവിടങ്ങളിൽ കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കേസ് പോലും റിപ്പോർട്ടു ചെയ്തിട്ടില്ല. ആദ്യം രോഗം റിപ്പോർട്ടു ചെയ്ത ശേഷം കഴിഞ്ഞ 14 ദിവസത്തിനിടെ ഒരാൾക്കു പോലും രോഗം സ്ഥിരീകരിക്കാത്ത ജില്ലകളുടെ എണ്ണം 59 ആയി ഉയർന്നു. ഒഡീഷയിലും കേരളത്തിലും രോഗികളുെട എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. ഗോവ പൂർണമായും രോഗമുക്തമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
100 കൊറോണ വൈറസ് രോഗികളിൽ 80 ശതമാനവും രോഗലക്ഷണങ്ങൾ ഇല്ലാത്തവരോ നേരിയ ലക്ഷണങ്ങൾ മാത്രം ഉള്ളവരോ ആണെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞു. രോഗം ബാധിച്ചവരിൽ പതിനഞ്ച് ശതമാനം ഗുരുതരമായ കേസുകളായും അഞ്ച് ശതമാനം അതീവഗുരുതര കേസുകളായും മാറുന്നതായും അവർ അറിയിച്ചു.