മുംബൈ : മഹാരാഷ്ട്രയില്‍ എട്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ്. മുംബൈയില്‍ ആറ് പേര്‍ക്കും പുണെയില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 194 മരണം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 3205 രോഗികളാണുള്ളത്.
52 മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച മുംബൈ സെന്‍ട്രലിലെ വോക്കാര്ഡ്ട് ആശുപത്രിയിലാണ് അഞ്ച് മലയാളി നഴ്സുമാര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരാണ് അഞ്ച് പേരും. ആദ്യ പരിശോധനയിൽ കോവിഡ് നെഗറ്റീവായിരുന്നവരാണ് പിന്നീട് വന്ന പരിശോധന ഫലത്തിൽ പോസറ്റീവായി മാറിയത്. നിരീക്ഷണത്തിലായിരുന്നവരെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിച്ചതാണ് രോഗം പടരാൻ കാരണമാക്കിയതെന്ന് ആരോപണമുണ്ട്. സംസ്ഥാനത്ത് ആദ്യമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത മുംബൈയിലെ ജസ്ലോക്ക് ആശുപത്രിയില്‍ ഒരു മലയാളി നഴ്സിനും രോഗം സ്ഥരീകരിച്ചു. പുണെയിലെ റൂബി ഹാള്‍ ആശുപത്രിയില്‍ രണ്ട് മലയാളി നഴ്സുമാര്‍ കൂടി പോസിറ്റിവായി. മുംബൈ സയൺ ആശുപത്രിയിൽ 9 ഡോക്ടർമാർക്കും രോഗം കണ്ടെത്തി.