തിരുവനന്തപുരം : അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാരിന്റെ അനുമതി. അഴീക്കോട് ഹൈസ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിക്കുന്നതിനു സ്കൂൾ മാനേജ്മെന്റിൽ നിന്നും ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന് പത്മനാഭൻ എന്നയാൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ സർക്കാർ അനുമതി നൽകിയത്. 2017 ജനുവരി 19നാണ് പത്മനാഭൻ പരാതി നല്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് കെ.എം.ഷാജി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കേസെടുത്തതെന്നത് ശ്രദ്ധേയമാണ്.
2013–14 കാലയളവിൽ അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിക്കുന്നതിനു സ്കൂൾ മാനേജർ മുസ്ലിം ലീഗ് പൂതപ്പാറ ശാഖാ കമ്മറ്റിയെ സമീപിച്ചതായി പരാതിയിൽ പറയുന്നു. സ്കൂൾ അനുവദിച്ചാൽ ഒരു ടീച്ചർ തസ്തികയ്ക്ക് വാങ്ങുന്ന പണം കമ്മറ്റി ഓഫിസിന്റെ കെട്ടിടം നിർമിക്കാനായി നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. 2014ൽ കോഴ്സ് അനുവദിച്ചു. എന്നാല് പണം നൽകേണ്ടെന്ന് കെ.എം.ഷാജി സ്കൂൾ മാനേജ്മെൻറിനോട് പറഞ്ഞു. ഇതേത്തുടർന്ന് ലീഗ് പ്രാദേശിക നേതൃത്വം പണം വാങ്ങുന്നതിൽനിന്ന് പിന്തിരിഞ്ഞു.പ്ലസ്ടു അനുവദിച്ചതിന് ചെലവഴിച്ച തുകയെക്കുറിച്ച് 2017ൽ സ്കൂൾ ജനറൽ ബോഡിയിൽ അന്വേഷണം വന്നപ്പോഴാണ് 25 ലക്ഷം രൂപ സ്കൂൾ മാനേജ്മെൻറ് ഷാജിക്ക് നൽകിയെന്ന വിവരം പുറത്തറിയുന്നത്. ഷാജിക്കെതിരെ മുസ്ലിം ലീഗ് നേതൃത്വവും സംസ്ഥാന കമ്മറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ രേഖകൾ ഉൾപ്പെടുത്തിയാണ് വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സർക്കാരിനു നൽകിയത്. ഐയുഎംഎൽ അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, പഞ്ചായത്ത് സെക്രട്ടറി, ലീഗ് പൂതപ്പാറ ശാഖാ സെക്രട്ടറി തുടങ്ങിയവർ കെ.എം.ഷാജി 25 ലക്ഷം രൂപ വാങ്ങിയതായി വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്.
39 പേരടങ്ങുന്ന അഴീക്കോട് എഡ്യൂക്കേഷൻ സൊസൈറ്റിയാണ് സ്കൂൾ ഭരണം നടത്തുന്നത്. അവിടെ കണക്കിൽപെടാത്ത 35 ലക്ഷത്തോളം രൂപ ലഭിച്ചതായി കാണിച്ചിട്ടുണ്ട്. ഈ തുക എവിടെ പോയെന്നു രേഖകളിലൊന്നും പറയുന്നില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തുക ഷാജിക്ക് കൊടുത്തായി സൊസൈറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എംഎൽഎയ്ക്ക് നേരിട്ടു പണം കൊടുത്ത കാര്യം സ്കൂൾ മാനേജരെക്കൂടി പ്രതിചേർത്താലേ മനസിലാകൂ. കെ.എം ഷാജിയെ പ്രതിചേർക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ ഫണ്ട് വകമാറ്റി ചിലവഴിച്ചെന്ന് ആരോപിച്ച് ഷാജി കഴിഞ്ഞ ദിവസം ഫെയ്സബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെ കെ. എം. ഷാജി നുണ പറഞ്ഞ് തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പൊതുപ്രവർത്തകനിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുന്ന വാക്കുകളല്ല അതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിമർശിച്ചു. തുടർന്ന് ഇന്നലെ പണം കൊടുത്തിട്ടുണ്ടെങ്കിൽ അത് ചോദിക്കാനും അവകാശമുണ്ടെന്നു പറഞ്ഞ് മുഖ്യമന്ത്രിക്കെതിരെ ഷാജി വാർത്താസമ്മേളനം നടത്തി. ഇതിനു പിന്നാലെയാണ് ഇപ്പോൾ മൂന്നു വർഷം മുമ്പുള്ള കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്.