കിണറ്റിൽ വീണ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. പൂയപ്പള്ളി പഞ്ചായത്ത്, മൈലോട്, നെല്ലിപ്പറമ്പ്, ഗിരിജാ ഭവനിൽ ഗിരിജയുടെ പശുവാണ് പുല്ലു മേയുന്നതിനിടെ വീടിനു സമീപത്തുള്ള മേൽമൂടിയില്ലാത്ത കിണറ്റിൽ വീണത്. ഉദ്ദേശം 40 അടിയോളം താഴ്ചയുള്ള കിണർ ഉപയോഗശൂന്യമായതും തൊടികൾ പകുതിയോളം ഇടിഞ്ഞതും ആയിരുന്നു. കൊട്ടാരക്കരയിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശ്രീ .എം. ഷാജിമോൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ .സി.രമേശ് കുമാർ, ഡി.സമീർ എന്നിവർ സാഹസികമായി റോപ്പിൻ്റെ സഹായത്താൽ കിണറ്റിലിറങ്ങി വളരെ ശ്രമകരമായി ഹോസും റോപ്പും ഉപയോഗിച്ച് പശുവിനെ കെട്ടുകയും മറ്റു സേനാംഗങ്ങൾ നാട്ടുകാരുടെ സഹായത്താൽ പശുവിനെ വലിച്ച് കരയ്ക്കു കയറ്റുകയും ചെയ്തു. സേനാംഗങ്ങളായ ഗ്രേഡ് സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ എസ്. ശങ്കരനാരായണൻ, ഗ്രേഡ് സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ മെക്കാനിക് വി. എസ്. ഹരിചന്ദ് , ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ബി. സനിൽ, ഹോം ഗാർഡുമാരായ എം.ബിജുമോൻ, ഷിജു ജോർജ്ജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
