അച്ചന്‍കോവിലില്‍ : 30 ലിറ്റർ ചാരായം പോലീസ് പിടിച്ചെടുത്തു
കൊട്ടാരക്കര- കോവിഡ്-19 ന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ബാറുകളും ബിവറേജ് ഷോപ്പുകളും അടച്ചതിനാല്‍ വ്യാജവാറ്റ് ഉണ്ടാകുവാനുളള സാധ്യത കണക്കിലെടുത്ത് കൊല്ലം റൂറല്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ച് വരുന്നു. അച്ചന്‍കോവില്‍ മൂന്ന് മുക്കില്‍ വ്യാജചാരായവില്പ്പന നടത്തുന്നതായി രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അച്ചന്‍കോവില്‍ പോലീസ് നടത്തിയ റെയിഡില്‍ 30 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. അച്ചന്‍കോവില്‍ സുരേഷ് ഭവനില്‍ നാരായണപിളള മകന് മുറിക്കൈയ്യന്‍ മണിയന് എന്ന മണിയന് (66) ഭാര്യ വിലാസിനി(60) എന്നിവരെ അറസ്റ്റ് ചെയ്തു.

വീടിന്റെ പിറകില്‍ വില്‍പ്പനയ്ക്കായി കന്നാസിലും കുപ്പിയിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു ചാരായം. മുന്‍പ് അബ്കാരികേസില്‍ പിടിക്കപ്പെട്ട് ശിക്ഷ അനുഭവിച്ചയാളാണ് മണിയന്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വ്യാജവാറ്റ് തടയുന്നതിനായി ആള്‍താമസമില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍, പാറക്വാറികള്‍, ആറ്റുതീരങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതും, മുന്‍പ് അബ്കാരി കേസില്‍പ്പെട്ട് ശിക്ഷാ കഴിഞ്ഞ് വരുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുന്നതിനും സമാനകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ എല്ലാ എസ്.എച്ച്.ഒ മാര്‍ക്കും നല്‍കിയിട്ടുണ്ട്.