കൊട്ടാരക്കര: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സപ്ലൈകോ വഴി ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന സാഹചര്യത്തില്‍ വിതരണ കേന്ദ്രങ്ങളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കി കൊല്ലം റൂറല്‍ പോലീസ്. സപ്ലൈകോ സൗജന്യ ഭക്ഷണകിറ്റ് രജിസ്ട്രേഡ് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുമ്പോള്‍ പൊതുജനങ്ങള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിനും സാമൂഹിക അകലം പാലിച്ച് കോവിഡ് പ്രതിരോധം പൂര്‍ണ്ണമാക്കാന്‍ ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. 600 കാര്‍ഡുകളില്‍ കൂടുതല്‍ ഉളള റേഷന്‍ കടകളില്‍ മുന്‍പ് റേഷന്‍ വിതരണത്തില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താന്‍ പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ പൂര്‍ണ്ണമായും വീടുകളില്‍ തന്നെ കഴിയുന്നതിനും ആവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് മാത്രമേ വീട് വിട്ട് പുറത്തിറങ്ങുവാന്‍ പാടുളളൂ. നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചിട്ടുളളതുമാണ്. കമ്മ്യൂണിറ്റി കിച്ചണുകളില്‍ സന്നദ്ധ പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെയോ, പോലീസിന്റെയോ പാസ് നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണം. അംഗീകൃതപാസ് ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
കോവിഡ്-19 സര്‍ക്കാര്‍ വിലക്കുകള്‍ ലംഘിച്ച് വാഹനങ്ങളില്‍ പുറത്തിറങ്ങി അനാവശ്യമായി കറങ്ങി നടന്നവര്‍ക്കെതിരെ കൊല്ലം റൂറല്‍ ജില്ലയില്‍ വ്യാഴാഴ്ച 209 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 214 പേരെ അറസ്റ്റ് ചെയ്തു 172 വാഹനങ്ങള്‍ പിടിച്ചെടുത്തു.
നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായും പൊതുജനങ്ങള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
