കൊട്ടാരക്കര : കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് കര്‍ശന പരിശോധനയുമായി കൊല്ലം റൂറല്‍ പോലീസ്. അവധി ദിനമായ ഇന്നലെ വിവിധ മാര്‍ക്കറ്റുകളിലും വ്യാപാരസ്ഥാപനത്തിലും തിരക്ക് അനുഭവപ്പെടാനുള്ള സാദ്ധ്യത മുന്നില്‍ കണ്ട് പോലീസ് പരിശോധന കര്‍ശനമാക്കിയതിന് പ്രകാരം മതിയായ ആവശ്യങ്ങള്‍ക്കല്ലാതെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങി നടന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
അവശ്യസാധനങ്ങല്‍ വാങ്ങാനായി പോകുന്നവരെ കര്‍ശനമായി പരിശോധക്കാനും കയ്യില്‍ മതിയായ രേഖകള്‍ ഇല്ലാതെ പുറത്തിറങ്ങിവര്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്കി. പള്ളികളിലും ആരാധനാലയങ്ങളിലും ആളുകള്‍ കൂട്ടം കൂടുന്നത് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. കമ്മ്യൂണിറ്റി കിച്ചണില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ പാസുകള്‍ നിര്‍ബന്ധമാക്കി. ക്ലബ്ബുകള്‍, സന്നദ്ധസേവകര്‍ തുടങ്ങിയവര്‍ നടത്തുന്ന ഹെല്പ് ഡെസ്കുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കി ഇത്തരക്കാര്‍ ശേഖരിക്കുന്ന വിഭവങ്ങള്‍ പഞ്ചായത്തിലോ ജില്ലാ ഭരണകൂടങ്ങളെയോ ഏല്പിക്കുവാന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
കൊല്ലം റൂറല്‍ ജില്ലയില്‍ ഞായറാഴ്ച കോവിഡ് -19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിവര്ക്കെതിരെ 241 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 246 പേരെ അറസ്റ്റ് ചെയ്തു. 207 വാഹനങ്ങള്‍ പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി വരും ദിവസങ്ങളിലും നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
