റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് സാഹചര്യത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം പ്രാബല്യത്തിലായി. ലെവിയോ മറ്റ് ഫീസുകളോ ഇല്ലാതെ ഇഖാമ (റെസിഡന്റ് പെര്‍മിറ്റ്) മൂന്നുമാസത്തേക്ക് സൗജന്യമായി പുതുക്കി നല്കി തുടങ്ങി.
വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇൗ നടപടിക്ക് തുടക്കമായി. വിദേശ തൊഴിലാളികള്‍ക്ക് മാത്രമല്ല, അവരുടെ ആശ്രിതര്‍ക്കും ഇളവ് ലഭിച്ചു. ആശ്രിതരുടെയും ഇഖാമകള്‍ പുതുക്കുന്നു. സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസത്ത്) സ്വയമേവയാണ് പുതുക്കുന്നത്. ഇതിനായി അപേക്ഷ നല്‍കുകയോ ജവാസത്തിനെ നേരിട്ട് സമീപിക്കുകയോ വേണ്ട.
വെള്ളിയാഴ്ച രാവിലെ എല്ലാവര്ക്കും എസ്.എം.എസ് ലഭിച്ചപ്പോഴാണ് തങ്ങളുടെ ഇഖാമകള്‍ പുതുക്കിയ വിവരം പ്രവാസികള്‍ അറിയുന്നത്. നാടുകളില്‍ അവധിയില്‍ കഴിയുന്നവരുടെ ഇഖാമകളും ഇതേപോലെ പുതുക്കിയിട്ടുണ്ട്. മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ ഇഖാമയുടെ കാലാവധി കഴിയുന്നവരാണ് ഇൗ ആനുകൂല്യത്തിെന്റ പരിധിയില്‍ വരുന്നത്. ഇൗ മൂന്നുമാസ കാലയളവും പൂര്‍ണമായും സൗജന്യമാണ്.