കൊട്ടാരക്കര: താലൂക്കിലെ 349 റേഷൻ ഡിപ്പോകളും സൗജന്യ റേഷൻ്റെ സുഗമമായ വിതരണത്തിന് സജ്ജമായി. സർക്കാർ നിഷ്കർഷിക്കുന്ന സാമൂഹ്യ അകലം പാലിച്ചും ധൃതി കാണിക്കാതെയും അതാത് റേഷൻ കടകളിൽ നിന്നോ സമീപ റേഷൻ ഡിപ്പോകളിൽ നിന്നോ ഈ മാസം 20 വരെ വാങ്ങാവുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ എസ്.എ സെയ്ഫ് അറിയിച്ചു. 1,67,763 റേഷൻ കാർഡുകൾക്കാണ് താലൂക്കിൽ സൗജന്യ റേഷൻ നൽകുന്നത്.
ഇവയിൽ 10377 കാർഡുകൾ എ.എ.വൈ ( മഞ്ഞ) വിഭാഗത്തിലും 64412 കാർഡുകൾ മുൻഗണന (പിങ്ക്) വിഭാഗത്തിലും 48267 കാർഡുകൾ പൊതുവിഭാഗത്തിലും (വെള്ള) 44707 കാർഡുകൾ പൊതുവിഭാഗം സബ്സിഡി (നീല) യിലുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവരെ കൂടാതെ റേഷൻ കാർഡ് ഇല്ലാത്ത കുടുംബത്തിന് കുടുംബ നാഥൻ്റെ ആധാർ നമ്പർ പ്രകാരവും 15 കിലോ അരി നൽകും.
താലൂക്കിലെ അരിപ്പ, കൊച്ചരിപ്പ ട്രൈബൽ സെറ്റിൽമെൻ്റുകളിലെ കാർഡുടമകൾക്കുള്ള സൗജന്യ റേഷൻ അവരവരുടെ വീടുകളിൽ എത്തിച്ച് നൽകുന്നതാണ്. എല്ലാ റേഷൻ ഡിപ്പോകളിലും സൗജന്യ റേഷനുള്ള അരി എത്തിച്ചു കഴിഞ്ഞു. കൂടുതൽ അരി വരും ദിവസങ്ങളിൽ റേഷൻ കടകളിൽ എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുമുണ്ട്. 20-ാം തീയതി വരെ തുടർച്ചയായി സൗജന്യ അരി വിതരണം നടക്കും എന്നുള്ളതിനാൽ തിരക്കുകൂട്ടി വാങ്ങേണ്ടതില്ല. എല്ലാ റേഷൻ ഡിപ്പോകളിലും പൊലീസ് നിരീക്ഷണം ഉണ്ടായിരിക്കുന്നതാണ്.
മഞ്ഞ,ചുമപ്പ് റേഷൻ കാർഡുകൾക്ക് ഉച്ച വരെയും നീല വെള്ള കാർഡുകൾക്ക് രണ്ട് മുതൽ അഞ്ച് വരെയുമാണ് വിതരണം. ഒരു കടയിലെ സ്റ്റോക്ക് തീർന്നാൽ അടുത്ത കടയിൽ നിന്ന് വാങ്ങാവുന്നതാണ്. ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ ആദ്യ ഘട്ടത്തിൽ അത്യാവശ്യക്കാർ മാത്രം സൗജന്യ അരി വാങ്ങിയാൽ അത് ഉചിതമായിരിക്കും. 20ന് മുമ്പ് മുഴുവൻ കാർഡ് ഉടമകൾക്കും സൗജന്യ റേഷൻ ഉറപ്പാക്കും എന്ന് താലൂക്കു സപ്ലൈ ഓഫിസർ അറിയിച്ചു.
