കൊട്ടാരക്കര: വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി കൊല്ലം റൂറല്‍ പോലീസ്. തുറന്നിരിക്കുന്ന ചെറുതും വലുതുമായ എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വിലവിവര പട്ടിക സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെ തുടര്‍ന്ന് എല്ലാ വ്യാപാരികളേയും പോലീസ് ഇത്തരത്തില്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് ചില സ്ഥാപനങ്ങളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഇനിയും ചില വ്യാപാര സ്ഥാപനങ്ങള്‍ വിലവിവരപട്ടിക സ്ഥാപിച്ചിട്ടില്ല.
ചില സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണുന്ന വിധം പട്ടിക പ്രദര്‍ശിപ്പിക്കാതെ കടമുറികള്‍ക്ക് അകത്ത് സ്ഥാപിച്ചിട്ടുണ്ട്. ചില പട്ടികകള്‍ക്ക് മതിയായ വലിപ്പം ഇല്ലാതെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാത്തരം നിയമ ലംഘനങ്ങള്‍ക്കും എതിരായി എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ്. അറിയിച്ചു.
