കോവിസ് – 19ന്റെ പശ്ചാത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ അവരുടെ സുരക്ഷ, ആരോഗ്യ പ്രശ്നങ്ങൾ, ആഹാര സാധന സാമഗ്രികൾ, എന്നിവ ഉറപ്പാക്കാൻ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി എല്ലാ ഐ.എസ്. എച്ച്. ഒ മാർക്കും ഡി.വൈ. എസ്.പി. മാർക്കും നിർദ്ദേശം നൽകി.
ഞായറാഴ്ച ജില്ലാ പോലീസ് മേധാവി അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ച് അവരുടെ പരാതികൾ കേൾക്കുകയും കോവിഡ് രോഗം വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചുള്ള ബോധവത്കരണം നടത്തുകയും ചെയ്തു. പുത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പുത്തൂർ മുക്കിൽ 250 ഓളം തൊഴിലാളികളെ സന്ദർശിച്ച് ജില്ലാ പോലീസ് മേധാവി വിവരങ്ങൾ ആരാഞ്ഞു. അവർക്ക് കമ്മ്യൂണിറ്റി കിച്ചൺ വഴിയുള്ള ആഹാരം ആവശ്യമില്ല എന്നും തങ്ങൾ സ്വമേധയാ ആഹാരം പാകം ചെയ്ത് കഴിച്ച് കൊള്ളാം എന്നും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. അടിയന്തിരമായി ആവശ്യമായ സവാള , മലക്കറി സാധനങ്ങൾ അരി എന്നിവ നൽകുകയും സന്നദ്ധ സേവന വാളന്റിയർമാരുടെ സേവനം ഉപയോഗിച്ച് തുടർന്നും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കമ്മ്യൂണിറ്റി കിച്ചൺ വഴി ആഹാരം ആവശ്യമുള്ളവർക്ക് ലഭ്യമാക്കാൻ പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് ഉറപ്പുവരുത്തി. ആയൂരിൽ 150 ഓളം തൊഴിലാളികളെ ജില്ലാ പോലീസ് മേധാവി സന്ദർശിച്ചു. ആയൂരിൽ അവശ്യ സാധനങ്ങൾ ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്നും കുറവ് അനുഭവപ്പെടുന്നില്ലന്നും അവർ അറിയിച്ചു. ചിലർ വീട്ടിലേക്ക് പോകാൻ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു.
രാജ്യത്താകമാനം എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ അതിർത്തികൾ അടച്ചിരിക്കുകയാണന്നും അത് തുറന്ന് കിട്ടുക എന്നുള്ളത് കേരള സംസ്ഥാനത്തിന്റെ പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കേരളം ആരോഗ്യ രംഗത്ത് ഏറ്റവും മികച്ച സേവനം ലഭ്യമാകുന്ന സംസ്ഥാനമാണെന്നും നിങ്ങളുടെ ആരോഗ്യ സുരക്ഷ കേരളത്തിൽ ഭദ്രമാണെന്നും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി. അന്യസംസ്ഥാന തൊഴിലാളികൾക്ക് ആവശ്യമായതെല്ലാം കൊല്ലം റൂറലിൽ ഉറപ്പുവരുത്തുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ്. അറിയിച്ചു.
https://www.youtube.com/watch?v=eVyvhxEi2aY