കൊട്ടാരക്കര : കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കേരള-തമിഴ്നാട് പോലീസ് സംയുക്ത ബോര്‍ഡര്‍ മീറ്റിംഗ് കുറ്റാലത്ത് വച്ച് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. അതിര്‍ത്തി വഴി അവശ്യസാധനങ്ങളുമായി വരുന്ന ചരക്ക് വണ്ടികള്‍ക്ക് പോലീസ് പാസുകള്‍ നല്‍കാനും പ്രസ്തുത പാസുകള്‍ ഉപയോഗിച്ച് തമിഴ്നാട്ടില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ തമിഴ്നാട് പോലീസ് അനുമതി നല്‍കാനും തീരുമാനമായി. ഇപ്രകാരം നല്കുന്ന പാസുകളില്‍ കേരള പോലീസിന്റേയും തമിഴ്നാട് പോലീസിന്റേയും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ നമ്പര്‍ രേഘപ്പെടുത്താനും ചരക്ക് വാഹനങ്ങള്‍ക്ക് ഏത് അടിയന്തിര സാഹചര്യങ്ങളിലും രണ്ട് സംസ്ഥാനങ്ങളിലെയും പോലീസുമായി ബന്ധപ്പെട്ട് യാത്രാ തടസങ്ങള്‍ നീക്കാനും സാധിക്കും. ഇതിലൂടെ അതിര്‍ത്തി വഴി അവശ്യ സാധനങ്ങളുമായി വരുന്ന ചരക്ക് വണ്ടികള്‍ തടയപ്പെടുന്നതിന് പരിഹാരമാകും. കോവിഡുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ സാഹചര്യങ്ങളും രണ്ട് സംസ്ഥാനങ്ങളും പരസ്പരം സഹകരിച്ച് പരിഹാരം കാണുവാനും തീരുമാനമായിട്ടുള്ളതായി കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ്.അറിയിച്ചു.
യോഗത്തില്‍ തിരുവനന്തപുരം റെയിഞ്ച് ഐ.ജി. ശ്രീ. സഞ്ചയ്കുമാര്‍ ഗുരുഡിന്, കൊല്ലം റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. ബി.വിനോദ്, തെങ്കശി ജില്ലാ പോലീസ് മേധാവി, തെങ്കാശി ഡി.വൈ.എസ്.പി ഗോകുല്‍ദാസ്, ചെങ്കോട്ട സി.ഐ സുരേഷ്, പുനലൂര്‍ ഡി.വൈഎസ്പി അനില്‍ദാസ്, തെന്മല എസ്.എച്ച്.ഒ എന്നിവര്‍ പങ്കെടുത്തു.