കൊട്ടാരക്കര : കോവിഡ് -19 കൊറോണ വൈറസിന്റെ വ്യാപന തടയുന്നതിനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി കൊല്ലം റൂറല്‍ ജില്ലയിലെ എല്ലാ പ്രധാന നിരത്തുകളിലും, പൊതു ഇടങ്ങളിലും പോലീസ് പരിശോധനകള്‍ കര്‍ശനമാക്കി. നിയമം ലംഘിച്ച് വാഹനങ്ങളില്‍ അനാവശ്യമായി കറങ്ങി നടക്കുന്നവര്‍ക്കെതിരെയും പൊതു നിരത്തുകളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരേയും അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ പോലീസ് സ്റ്റേഷനുകളിലും പട്രോളിംഗിനും, പരിശോധനകള്‍ക്കുമായി സ്റ്റേഷന് മൊബൈലുകള കൂടാതെ ബൈക്ക് പട്രോളിംഗുകളും, സബ് ഡിവിഷന് തലത്തില്‍ കൊട്ടാരക്കര, പുനലൂര്‍, കുണ്ടറ, ചടയമംഗലം എന്നിവിടങ്ങളില്‍ സ്ട്രൈക്കിംഗ് ഫോഴ്സ് ആയും പോലീസിനെ നിയോഗിച്ചിട്ടുണ്ട്. വാഹന യാത്രക്കാരേയും കാല്‍നടയാത്രക്കാരേയും പരിശോധിച്ച് അവരുടെ യാത്രാ ഉദ്ദേശം മനസ്സിലാക്കി നിർദ്ദേശിച്ച തരത്തിലുള്ള ഐ.ഡി കാര്‍ഡുകളോ, പാസോ, സമ്മതപത്രമോ ഇല്ലാതെ വെറുതേ പുറത്തിറങ്ങി കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചടയമംഗലം പോലീസ് സ്റ്റേഷനതിര്ത്തിയില് മഞ്ഞപ്പാറയില്‍ വിലക്കുകള്‍ ലംഘിച്ച് ചായക്കട തുറന്ന് കച്ചവടം നടത്തിയ സൈനുലാബ്ദ്ദീന്‍, ഷാജഹാന്, പോരേടം ജംഗ്ഷനില്‍ ചായക്കട നടത്തിയ ഷറഫുദ്ദീന്, കുളഞ്ഞി ജംഗ്ഷനിലെ ശുശീന്ദ്രന്‍, പൂങ്കോട് ജംഗ്ഷനില്‍ ചായക്കച്ചവടം നടത്തിയ ഉണ്ണിക്കൃഷ്ണന് എന്നിവര്‍ക്കെതിരെ ചടയമംഗലം പോലീസ് കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
പത്തനാപുരം പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ കല്ലുംകടവ് എന്ന സ്ഥലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അലഞ്ഞ് തിരിഞ്ഞ് നടന്ന റെജി എന്നയാളെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചു.
കോവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് കടകളും വ്യപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിച്ചതിനും, ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശം ലംഘിച്ച് പുറത്ത് ഇറങ്ങി നടന്നതിനും അനാവശ്യമായി വാഹനങ്ങളില്‍ റോഡുകളില്‍ ഇറങ്ങി കറങ്ങി നടന്ന് രോഗവ്യാപനത്തിന് ഇടയാകുന്ന രീതിയില്‍ പ്രവര്ത്തിച്ചവര്ക്കെതിരേയും കൊല്ലം റൂറല്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 450 കേസുകളിലായി 496 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. 293 വാഹനങ്ങള്‍ പിടിച്ചെടുത്ത് സ്റ്റേഷനുകളില്‍ സൂക്ഷിച്ചു വരുന്നു. തുടര്‍ന്നും നിയമലംഘകര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍.ഐ.പി.എസ് അറിയിച്ചു.
